ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്കായി നാഷണൽ ട്രസ്റ്റിന്റെ കീഴിൽ നടപ്പിലാക്കിയ നിരാമയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച സർക്കാർ ഉത്തരവ് നിലവിലിരിക്കെ, ഗുണഭോക്താക്കൾക്ക് സ്വന്തം പണം അടച്ച് ഇൻഷുറൻസ് പുതുക്കേണ്ടി വരുന്ന ഗുരുതര സാഹചര്യമാണിപ്പോൾ നിലനിൽക്കുന്നതെന്ന് വോയിസ് ഓഫ് ഡിഫ്രെൻ്റ്ലി ഏബിൾഡ് സംഘടന ആരോപിച്ചു.
സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവുകൾ പ്രകാരം സർക്കാർ ഫണ്ടിലാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കേണ്ടത്. എന്നാൽ അടുത്ത കാലത്തായി പെട്ടെന്നുണ്ടായ നയമാറ്റം മൂലം, ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾ തന്നെ പണം അടച്ച് ഇൻഷുറൻസ് പുതുക്കേണ്ടതും പുതിയത് എടുക്കേണ്ടതുമായ അവസ്ഥയിലായിരിക്കുകയാണ്. ഇത് സാമ്പത്തികമായി അതീവ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള ഭാരമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ മുമ്പ് തന്നെ മന്ത്രിമാരുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കാര്യങ്ങൾ കൊണ്ടുവന്നിരുന്നതായും, 2026 മുതൽ സർക്കാർ ഫണ്ട് വീണ്ടും അനുവദിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, നിലവിൽ ആ തീരുമാനം പ്രായോഗികമായി നടപ്പിലായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. ഇതിന്റെ ഫലമായി നിരവധി ഭിന്നശേഷി കുടുംബങ്ങൾ ഇൻഷുറൻസ് പുതുക്കാൻ കഴിയാതെ ചികിത്സാ സുരക്ഷ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് വോയിസ് ഓഫ് ഡിഫ്രെൻ്റ്ലി ഏബിൾഡ് മലപ്പുറം ജില്ലാ ഇൻചാർജ് നിഷ എടവണ്ണയുടെ പേരിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു മേടത്തിന് നിവേദനം സമർപ്പിച്ചു. സർക്കാർ ഉത്തരവ് കൃത്യമായി നടപ്പിലാക്കി നിരാമയ ഇൻഷുറൻസ് പദ്ധതി വീണ്ടും സർക്കാർ ഫണ്ടിൽ തുടരുമെന്ന് വ്യക്തമായ നിർദേശം പുറപ്പെടുവിക്കണമെന്നും, നിലവിൽ പണം അടയ്ക്കേണ്ടി വന്ന കുടുംബങ്ങളുടെ വിഷമാവസ്ഥ അടിയന്തിരമായി പരിഗണിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരുടെ ചികിത്സയും ജീവൻ സുരക്ഷയും സംബന്ധിച്ച അത്യന്തം ഗൗരവമേറിയ വിഷയമായതിനാൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.
0 Comments