LATEST

6/recent/ticker-posts

Header Ads Widget

ലഹരി വില്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയ സാമൂഹ്യ പ്രവർത്തകനെ ആയുധങ്ങളുപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു




*കിഴിശ്ശേരി:* രാസലഹരി വിൽപനയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയ സാമൂഹ്യ പ്രവർത്തകന് നേരെ കൊടുംക്രൂരത. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ സാമൂഹ്യ പ്രവർത്തകൻ സഫീറിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ഈ ആക്രമണം നടന്നത്.

കിഴിശ്ശേരി അങ്ങാടിയിൽ മഞ്ചേരി റോഡിൽ രാസലഹരിയുടെ വിൽപനയും ഉപയോഗവും സജീവമാണെന്ന് സഫീർ പൊലീസിന് രഹസ്യ വിവരം നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലം പ്രതികൾ ബൈക്കിലും കാറിലുമായി എത്തി സഫീറിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

അങ്ങാടിയിൽ നിൽക്കുകയായിരുന്ന സഫീറിനെ പ്രതികൾ ഇരുമ്പ് വടി, സ്ക്രൂഡ്രൈവർ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംഭവത്തിൽ കുഴിമണ്ണ മൂത്തേടത്ത് വിനു കുമാർ, പുളിയക്കോട് മേൽമുറി ജിജേഷ് എന്നിവർക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിൽ ഒന്നാം പ്രതിയായ വിനുകുമാർ ഒളിവിലാണെങ്കിലും, ജിജേഷിനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിക്കെതിരെ ശക്തമായി രംഗത്തു നിൽക്കുന്ന സാമൂഹ്യ പ്രവർത്തകനെ ആക്രമിച്ച പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments