*മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും പരിസര പ്രദേശങ്ങളും താത്ക്കാലികമായി 'റെഡ് സോണായി' പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ബി.എൻ.എസ്.എസ് 163-ാം വകുപ്പ് പ്രകാരമാണ് കളക്ടറുടെ ഔദ്യോഗിക നടപടി.*
*സെപ്റ്റംബർ 13, 14 തീയതികളിലാണ് മലേഷ്യൻ പ്രധാനമന്ത്രി ജില്ലയിൽ സന്ദർശനം നടത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിന് പുറമെ കൊണ്ടോട്ടി നഗരസഭ, വി.വി.ഐ.പി യാത്ര ചെയ്യുന്ന പാതയോരങ്ങളിലെ ഗ്രാമപഞ്ചായത്തുകൾ, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരിയിലെ തുല ക്ലിനിക്കൽ വെൽനെസ് സാങ്ച്വറിയും അതിൻ്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് റെഡ് സോണിന്റെ പരിധിയിൽ വരുന്നത്.*
*അദ്ദേഹത്തിന്റെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നത് വരെ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കും. ഈ പ്രദേശങ്ങളിൽ ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ, പട്ടങ്ങൾ, ആകാശത്തേക്ക് ഉയരുന്ന പടക്കങ്ങൾ, പ്രകാശം വമിക്കുന്ന വസ്തുക്കൾ, ലേസർ ബീമുകൾ എന്നിവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചു.*
*വിമാനങ്ങളുടെയോ വി.വി.ഐ.പിയുടെയോ സഞ്ചാരത്തിന് ഭീഷണിയോ തടസ്സമോ ഉണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അടിയന്തരമായി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.*
0 Comments