തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണ് അധിക സർവീസുകൾ നടത്തുക. യാത്രക്കാർക്ക് നേരത്തെ തന്നെ സീറ്റ് ഉറപ്പാക്കുന്നതിനായ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ ഒരുക്കിയിരിക്കുന്നത്. മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും ചെന്നൈയിൽ നിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും അധിക സർവീസുകളുണ്ടാകും. ചെന്നൈ–എറണാകുളം റൂട്ടിലെ സർവീസ് മൾട്ടി ആക്സിൽ എസി ബസായിരിക്കും.
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കായും വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസുകൾ സർവീസ് നടത്തും. പാലാ, കണ്ണൂർ ഡിപ്പോകളിൽ നിന്ന് മൈസൂരുവിലേക്കും തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്ന് ചെന്നൈയിലേക്കുമാണ് പ്രത്യേക സർവീസുകൾ. എറണാകുളം–ചെന്നൈ സർവീസും മൾട്ടി ആക്സിൽ എസി ബസിലാണ്.
ചില റൂട്ടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രത്യേക ബസുകൾ സർവീസ് നടത്തുക. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനും കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്. ആഘോഷദിവസങ്ങളിലെ യാത്രാത്തിരക്ക് കണക്കിലെടുത്താണ് അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് www.keralartc.com എന്ന കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ‘എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ്’ മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. 9447071021 എന്ന നമ്പറിലൂടെ വാട്സ്ആപ്പ് ടിക്കറ്റിങ് സൗകര്യവും ലഭ്യമാണ്. കൂടാതെ കെഎസ്ആർടിസിയുടെ എല്ലാ റിസർവേഷൻ കൗണ്ടറുകൾ വഴിയും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ആഘോഷകാലത്തെ തിരക്കിൽ സീറ്റ് ഉറപ്പാക്കാൻ യാത്രക്കാർക്ക് മുൻകൂട്ടി ബുക്കിങ് നടത്താവുന്നതാണ്
0 Comments