*കുടുംബനാഥൻ മരണപ്പെട്ടതിനെ തുടർന്ന് ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും തിരിച്ചയച്ച് നജീബ് കാന്തപുരം എം.എൽ.എ. പെരിന്തൽമണ്ണ വേങ്ങൂരിലാണ് സംഭവം. നാല് ലക്ഷം രൂപയുടെ കുടിശ്ശികയുടെ പേരിലാണ് വീട് ഒഴിപ്പിച്ച് ജപ്തി ചെയ്യാനായി ബാങ്ക് അധികൃതർ എത്തിയത്.*
*പിതാവ് മരണപ്പെടുകയും രോഗിയായ അമ്മയെ പരിചരിക്കാൻ വരുമാനമാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന രണ്ട് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലാണ് ഉദ്യോഗസ്ഥർ ഭീഷണിയുമായി എത്തിയതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. കോടികളുടെ വായ്പാ കുടിശ്ശിക വരുത്തിയവർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ, വെറും നാല് ലക്ഷം രൂപ മാത്രം കുടിശ്ശികയുള്ള നിർധന കുടുംബത്തോട് മാനുഷിക പരിഗണനയില്ലാതെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം.*
*കുടുംബത്തിന് വായ്പ തിരിച്ചടയ്ക്കാൻ ഗഡുക്കളായി 60 മാസം വരെ സാവകാശം അനുവദിക്കാൻ സർക്കാരിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ എം.എൽ.എ, വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. അടുത്ത ആഴ്ച തന്നെ അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.*
*കോടതിയിൽ കേസ് നിലനിൽക്കെ അടുത്ത രണ്ടു മാസത്തേക്ക് കുടുംബത്തിനെതിരെ ജപ്തിയോ മറ്റ് തുടർനടപടികളോ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. രണ്ടു മാസത്തിനുള്ളിൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും ബാങ്കിന്റെ ഭാഗത്തുനിന്ന് നൽകാൻ പറ്റുന്ന ഇളവുകൾ തിട്ടപ്പെടുത്തി തുക ഗഡുക്കളായി അടച്ചുതീർക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം.*
*എം.എൽ.എയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ജപ്തി നടപടികൾ നിർത്തിവെച്ച് ഉദ്യോഗസ്ഥർ മടങ്ങി.*
0 Comments