ഡല്‍ഹി: നഗര-ഗ്രാമ പ്രദേശങ്ങളിലെ ഗാർഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഇടവേള 25 ദിവസമാക്കി കുറച്ചു.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നിവയോട് തീരുമാനം ഉടൻ നടപ്പിലാക്കാൻ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നിർദേശം നല്‍കി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ ഇന്ധനക്ഷാമം നേരിടാനാണ് മുമ്പ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നത്. അന്ന് നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഗ്രാമ പ്രദേശങ്ങളില്‍ 45 ദിവസമായും നിശ്ചയിച്ചിരുന്നു.
എല്‍പിജി വിതരണം സാധാരണ നിലയിലായതിനെത്തുടർന്ന് സ്ഥലവ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കള്‍ക്കും ഒരേപോലെ 25 ദിവസത്തെ ബുക്കിങ് ഇടവേളയാക്കാനാണ് മന്ത്രാലയം നിർദേശിച്ന. സിലിണ്ടർ ബുക്കിങ്ങില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയം പുറത്തിറക്കിയ കത്തില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക-ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും ഇക്കാര്യം സ്ഥിരീകരിച്ചു. 25 ദിവസത്തെ ബുക്കിങ് ഇടവേള ഉടൻ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം മൂലമുണ്ടായ വിതരണ തടസ്സങ്ങള്‍ കാരണമാണ് മുമ്പ് നഗരങ്ങളില്‍ 25 ദിവസവും ഗ്രാമങ്ങളില്‍ 45 ദിവസവുമായി നിശ്ചയിക്കേണ്ടി വന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments