LATEST

6/recent/ticker-posts

Header Ads Widget

ജില്ലയിൽ അഞ്ചാംപനി ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചു: ബാലാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം..!



*​മലപ്പുറം ജില്ലയിൽ വളവന്നൂരിലും പൊന്മളയിലും അഞ്ചാംപനി ബാധിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വളവന്നൂരിൽ പത്തുമാസം പ്രായമുള്ള കുഞ്ഞും പൊന്മളയിൽ ഒന്നര വയസ്സുകാരനുമാണ് രോഗബാധയെ തുടർന്ന് മരിച്ചത്.*

*സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പിനോടും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറോടും കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.*

*​മരിച്ച കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പുകൾ ലഭിച്ചിരുന്നോ എന്നും വാക്സിനേഷൻ നൽകുന്നതിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നും കമ്മീഷൻ പരിശോധിക്കും. കൂടാതെ, മേഖലയിൽ വാക്സിനേഷനോട് വിമുഖത കാണിക്കുന്ന വിഭാഗങ്ങളോ പ്രദേശങ്ങളോ ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങളും അധികൃതർ കണ്ടെത്തേണ്ടതുണ്ട്.*

*​ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷമായി മലപ്പുറം ജില്ലയിൽ മൂന്നിലൊന്ന് കുട്ടികൾക്ക് അഞ്ചാംപനിക്കെതിരായ രണ്ട് ഡോസ് വാക്സിൻ പൂർണ്ണമായി ലഭിച്ചിട്ടില്ല. 2025-26 വർഷത്തിൽ 63 ശതമാനം കുട്ടികൾക്ക് മാത്രമാണ് രണ്ട് ഡോസും ലഭിച്ചത്.* 

*വേങ്ങര, താനൂർ, മലപ്പുറം, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ 40 ശതമാനത്തിലേറെ കുട്ടികൾക്കും വാക്സിനേഷൻ പൂർണ്ണമല്ല. ജില്ലയിൽ ഈ വർഷം ഇതുവരെ 63 പേർക്ക് അഞ്ചാംപനി സ്ഥിരീകരിക്കുകയും 400-ഓളം പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമാണ്.*

*​പനി, ജലദോഷം, കണ്ണുകൾക്ക് ചുവപ്പുനിറം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് അതിവേഗം പകരുന്ന ഈ വൈറസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ, മസ്തിഷ്കജ്വരം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.* 

*പ്രതിരോധ കുത്തിവയ്പുകൾ ഉറപ്പാക്കുന്നതിനായി വളവന്നൂർ, കുറ്റിപ്പുറം, വേങ്ങര, പൂക്കോട്ടൂർ തുടങ്ങിയ മേഖലകളിൽ പ്രത്യേക ബോധവൽക്കരണവും വാക്സിനേഷൻ ക്യാമ്പുകളും ശക്തമാക്കിയിട്ടുണ്ട്.*

Post a Comment

0 Comments