എന്റെ പ്രിയപ്പെട്ട അനിയത്തി അഫീഫയെ കുറിച്ചാണ് ഈ കുറിപ്പ്, പിറന്നു വീണയുടനെ ഉമ്മയെ നഷ്ടപ്പെട്ടു പോയ അവളുടെ പൊന്നോമന കുഞ്ഞിനെ കുറിച്ചും.
ഹൃദയം നുറുങ്ങുന്ന വേദനയിലും ഇതെഴുതാൻ തുനിയുന്നത് ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെയൊരു വിധി ഉണ്ടാവരുത് എന്ന ആഗ്രഹത്താലാണ്. എന്റെ സഹോദരി അഫീഫ ഒരു പിഞ്ചോമനക്ക് വേണ്ടി കാത്തിരുന്നത് പന്ത്രണ്ട് വർഷമാണ്. അക്കാലമത്രയും അവളനുഭവിച്ച വേദനയുടെയും നിരാശയുടെയും ആഴം ഞങ്ങൾക്കറിയാം. അതുകൊണ്ടു തന്നെ ഒടുവിൽ ഒരു കുഞ്ഞിനെ കിട്ടാൻ പോകുന്നുവെന്ന അറിവ് കുടുംബത്തിൽ എല്ലാവർക്കും അത്രമാത്രം സന്തോഷമായിരുന്നു. പക്ഷെ പിറന്നു വീണ ആ പിഞ്ചോമനയെ ഒന്ന് കൈയിലെടുത്ത് ലാളിക്കുവാനുള്ള ഭാഗ്യം എന്റെ അനിയത്തിക്ക് ഇല്ലാതെ പോയി. അത് ചിലരുടെ അനാസ്ഥയും അഹങ്കാരവും കൊണ്ട് മാത്രം സംഭവിച്ചതാണെങ്കിൽ ഞങ്ങളെങ്ങനെ വിധി എന്ന് പറഞ്ഞു സമാധാനിക്കും ? താങ്ങാനാവാത്ത ഈ വേദന ഞങ്ങൾക്ക് സമ്മാനിച്ചത് മുൻപ്, പാർക്കോ ഹോസ്പിറ്റൽ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ വടകര ബേബി ഹോസ്പിറ്റലും അവിടത്തെ ചില ഡോക്ടർമാരുമാണ്. ഈ ജൂലായ് 17 ആം തീയതിയാണ് (17/07/2026) ആ ദുരന്തം ഞങ്ങളുടെ ജീവിതത്തെ തലകീഴായി മറിച്ചു കളഞ്ഞത്.
പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ എന്റെ അനിയത്തി അഫീഫക്ക് ഒരു കുഞ്ഞ് പിറന്നപ്പോൾ ഞങ്ങൾ അനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. എന്നാൽ ആ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ അനാസ്ഥയും അഹങ്കാരവും ഞങ്ങളുടെ സന്തോഷത്തിനെ ക്രൂരമായി തല്ലിക്കെടുത്തി. എന്റെ സഹോദരി അഫീഫയുടെ മരണം ഡോക്ടർമാരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച കൊണ്ട് മാത്രം സംഭവിച്ചതാണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മുൻകാലങ്ങളിലെ അബോർഷനുകളുടെ ചരിത്രവും അവൾ അനുഭവിച്ച വേദനകളും കൃത്യമായി ഡോക്ടർമാരെ അറിയിച്ചിരുന്നു. അതെല്ലാം ആശുപത്രി രേഖകളിൽ ഉണ്ട്. പക്ഷെ പ്രസവ സമയത്ത് അപകടലക്ഷണങ്ങൾ കണ്ടിട്ടും ഡോക്ടർ ശസ്ത്രക്രിയക്ക് തയ്യാറാകാതെ, സുഖപ്രസവത്തിനായി മാത്രം വാശിപിടിച്ച് കാത്തിരുന്നതാണ് ഈ മഹാദുരന്തത്തിന് കാരണമായത്. അടിയന്തരമായി ശസ്ത്രക്രിയ ചെയ്തിരുന്നെങ്കിൽ ഇന്ന് ആ കുഞ്ഞിന് അമ്മയുടെ സ്പർശവും സ്നേഹവും നഷ്ടപ്പെടുമായിരുന്നില്ല. ഞങ്ങൾക്ക് അഫീഫയെ നഷ്ടമാകുമായിരുന്നില്ല.
ഒടുവിൽ, കാര്യങ്ങൾ വഷളാകുന്നു എന്ന് കണ്ടപ്പോൾ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറച്ചു വെക്കാൻ യൂട്രസ് റിമൂവ് ചെയ്യണം എന്ന നാടകം, അതും അവർ ചെയ്തു. അതിനിടയിൽ അവളുടെ മെഡിക്കൽ ഹിസ്റ്ററി എല്ലാം അറിയുന്ന ഡോക്ടർ തന്നെ വന്ന് സഹോദരന്റെ ഭാര്യയോട് "അഫീഫക്ക് മുൻപ് എപ്പോഴെങ്കിലും അബോർഷനോ ഡി ആൻഡ് സി യോ ഉണ്ടായിട്ടുണ്ടോ?" എന്ന് ചോദിച്ചു. പിന്നീട് പുതിയ തിരക്കഥ അവർ അവതരിപ്പിച്ചു കോഴിക്കോട്ടേക്ക് മാറ്റുകയാണ് ബ്ലീഡിംഗ് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കോഴിക്കോട് എത്തിയപ്പോൾ, മരണം മുൻപേ സംഭവിച്ചു എന്നാണ് ഡോക്ടർ പറഞ്ഞത്. ഒരു ഡോക്ടറുടെ വെറും വാശിയുടെ പേരിൽ അസ്തമിച്ചു പോയത് ഒരു കുടുംബത്തിന്റെ പ്രകാശമാണ്, ബലിയാടായത് ഒരു പാവം പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളുമാണ്.
അവൾ പന്ത്രണ്ട് വർഷം കാത്തിരുന്നു കണ്ട ആ സ്വപ്നം, കൈയ്യിലെത്തുമ്പോഴേക്കും അവരത് തട്ടിയെറിഞ്ഞു കളഞ്ഞു. അവൾ കണ്ട ആ വിലപ്പെട്ട സ്വപ്നം, അവളുടെ കുഞ്ഞ്. ആ പിഞ്ചു കുഞ്ഞിനെ കൈയ്യിൽ വെച്ച് കൊണ്ട് ഞങ്ങൾ നീതിക്കായി ഇറങ്ങുകയാണ്. നിങ്ങളോരോരുത്തരും ഒപ്പമുണ്ടാവണം. ഈ പോരാട്ടത്തിന് ഒരു പാവം പെൺകുട്ടിയുടെ ജീവന്റെ വിലയുണ്ട്, പിറന്നു വീണപ്പോൾ തന്നെ അമ്മയില്ലാതായിപ്പോയ ഒരു കുഞ്ഞിന്റെ വേദനയുണ്ട്. മറ്റൊരു കുടുംബത്തിനും ഈ ഗതികേട് ഉണ്ടാകരുത്. അതിനായി ഈ ആശുപത്രിയുടെയും ഡോക്ടർമാരുടെയും ഭാഗത്തു നിന്നുണ്ടായ വീഴ്ച പുറത്തറിഞ്ഞേ തീരൂ. എന്റെ സഹോദരിക്ക് സംഭവിച്ച ദുരന്തം ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കാനും ഇത്രയും വലിയൊരു പാതകം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും വലിയ പ്രതിഷേധ കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്,
ഈ അനീതി ലോകം അറിയേണ്ടതുണ്ട്. അതിനു വേണ്ടി ഈ കുറിപ്പ് നിങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്യുകയും, അധികൃതരിലേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്യുമല്ലോ.
0 Comments