*കഴിഞ്ഞ ദിവസം മമ്പാട് ഓടായിക്കലിൽ ചാലിയാർ പുഴയിലൂടെ ഒഴുകി വന്ന മരം പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഗായകനും യുവാവുമായ യാഷിക്കിൻ്റെ മൃതദേഹം കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ അരീക്കോട്, കീഴുപറമ്പ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. കീഴുപറമ്പ് പുഴയിലൂടെ മൃതദേഹത്തിന് സമാനമായ ഒന്ന് ഒഴുകിപ്പോകുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ അധികൃതരെ വിവരമറിയിച്ചിരുന്നു.*
*ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ കീഴുപറമ്പ് മണന്തലക്കടവ് കേന്ദ്രീകരിച്ച് ജനപ്രതിനിധികളും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തീവ്രമായ തിരച്ചിൽ നടത്തിവരികയാണ്.*
*കനത്ത മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ ശക്തമായ ഒഴുക്കും ജലനിരപ്പും നിലനിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഫയർഫോഴ്‌സും പ്രാദേശിക രക്ഷാപ്രവർത്തകരും വള്ളങ്ങളിലും മറ്റും പുഴയിൽ പരിശോധന തുടരുകയാണ്.*
*മൃതദേഹം ഒഴുക്കിൽപ്പെട്ട് കൂടുതൽ താഴേക്ക് പോകാനുള്ള സാധ്യത മുന്നിൽക്കണ്ട് ചാലിയാറിൻ്റെ തീരപ്രദേശങ്ങളായ ഊർക്കടവ്, വിരിപ്പാടം, ആക്കോട്, എളമരം പാലം തുടങ്ങിയ ഭാഗങ്ങളിലുള്ള നാട്ടുകാരോട് അധികൃതർ പ്രത്യേക ജാഗ്രത പുലർത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്. പുഴയോരങ്ങളിലോ, പുഴയ്ക്കരികിലെ മരക്കൂട്ടങ്ങളിലോ, കുറ്റിക്കാടുകളിലോ സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ദയവായി ആരും അത് അവഗണിക്കരുത്.*
*എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുകയോ കാണുകയോ ചെയ്താൽ ഉടൻ തന്നെ തൊട്ടടുത്തുള്ള രക്ഷാപ്രവർത്തകരെയോ പോലീസിനെയോ തദ്ദേശഭരണ അധികൃതരെയോ വിളിച്ച് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
0 Comments