*കുവൈറ്റ്:* അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുണ്ടായ ഈ ക്രൂരമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്നു ഇന്ത്യ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ നടുക്കിയ വ്യോമാക്രമണത്തിന് പിന്നാലെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇറാന്റെ കടുത്ത നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നത്. ഇന്ന് പുലർച്ചെ രാജ്യത്തെ സുപ്രധാന സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പതിച്ചത്. ആക്രമണത്തിൽ വിമാനത്താവളത്തിന് പുറമെ വിദേശ നയതന്ത്ര കാര്യാലയങ്ങൾക്കും തകരാറുകൾ സംഭവിച്ചതായി പ്രസ്താവന സ്ഥിരീകരിക്കുന്നു.
ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് കുവൈറ്റ് ചൂണ്ടിക്കാണിക്കുന്നു. മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ 2026-ലെ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയത്തിന് വിരുദ്ധമാണ്. കുവൈറ്റിന്റെ മണ്ണിൽ ജീവിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും ആർക്കും തൊട്ടുകളിക്കാൻ കഴിയാത്ത വിധം ഒരു ‘ചുവപ്പ് രേഖ’ (Red Line) ആണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഇത്തരം ആസൂത്രിത അധിനിവേശങ്ങളോട് രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായിക്കൊണ്ട് ഈ ആക്രമണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാനുള്ള പൂർണ്ണമായ അവകാശം കുവൈറ്റിൽ നിക്ഷിപ്തമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
അതേസമയം, ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് ചെയർമാൻ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിമാനത്താവളം വീണ്ടും തുറക്കുമെന്നും മുടങ്ങിയ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി
0 Comments