*കാവനൂർ :* കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലം നിലനിർത്തി യുഡിഎഫ് സ്ഥാനാർത്ഥി *പി.കെ. ബഷീർ* ചരിത്രവിജയം സ്വന്തമാക്കി. വോട്ടെണ്ണലിന്റെ 18/18 റൗണ്ടുകളും പൂർത്തിയാകുമ്പോൾ *41,289* വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് അദ്ദേഹം തന്റെ ആധിപത്യം ഉറപ്പിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ പി.കെ. ബഷീർ ആകെ *98,547* വോട്ടുകൾ നേടിയപ്പോൾ, എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ അഡ്വ. ഷഫീർ കിഴിശ്ശേരിക്ക് (CPI) *57,258* വോട്ടുകളാണ് ലഭിച്ചത്.
ലീഗ് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്ന 30,000 എന്ന ഭൂരിപക്ഷവും ബഹുദൂരം പിന്നിലാക്കിയാണ് പി.കെ. ബഷീർ വെന്നിക്കൊടി പാറിച്ചത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമാണിത്. അരീക്കോട്, കീഴുപറമ്പ്, എടവണ്ണ, കാവനൂർ തുടങ്ങിയ യുഡിഎഫിന്റെ ഉറച്ച കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിച്ച വലിയ പിന്തുണയാണ് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചത്.
*മറ്റു സ്ഥാനാർത്ഥികളുടെ വോട്ടുനില:*
* *അഡ്വ. എൻ. ശ്രീപ്രകാശ് (ബിജെപി):* 8,728 വോട്ടുകൾ.
* *ചെമ്മല യൂസഫ് അലി (എസ്.ഡി.പി.ഐ):* 2,530 വോട്ടുകൾ.
* *കൃഷ്ണൻ തച്ചണ്ണൻ (ബി.എസ്.പി):* 467 വോട്ടുകൾ.
* *മുജീബ് റഹ്മാൻ (സ്വതന്ത്രൻ):* 166 വോട്ടുകൾ.
* *നോട്ട (NOTA):* 985 വോട്ടുകൾ.
വിജയവാർത്ത ഔദ്യോഗികമായി പുറത്തുവന്നതോടെ ഏറനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകർ വൻ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. പി.കെ. ബഷീറിന്റെ ഹാട്രിക് വിജയം മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. കാവനൂർ ടൗണിൽ പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും വിജയം ആഘോഷിക്കുന്നു.
0 Comments