ജിദ്ദ: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഇറാ ൻെറ ഭാഗത്തുനിന്നുള്ള ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങൾ രംഗത്ത്. ജിദ്ദയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവർ നടത്തിയ സുപ്രധാന കൂടിക്കാഴ്ചയിലാണ് മേഖലയുടെ സുരക്ഷ മുൻനിർത്തിയുള്ള സംയുക്ത പ്രഖ്യാപനം ഉണ്ടായത്.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങൾ മേഖലയുടെ സുസ്ഥിരത തകർക്കുന്ന 'അപകടകരമായ പ്രകോപനമാണെന്ന് നേതാക്കൾ ഒരേസ്വരത്തിൽ വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ സിവിൽ ഇൻസ്റ്റാളേഷനുകളെയും ലക്ഷ്യം വച്ചുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര സമാധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കൂടാതെ, ഈ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആഗോള ഊർജ്ജ വിതരണത്തെയും ബാധിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ജോർദാൻ രാജാവിനെയും ഖത്തർ അമീറിനെയും കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചത് ഗൾഫ് മേഖലയുടെ ഐക്യത്തിൻറ വിളംബരമായി മാറി. ജോർദാൻ വിദേശകാര്യ മന്ത്രിയും സൈനിക തലവന്മാരും ചർച്ചകളിൽ പങ്കാളികളായി.
പശ്ചിമേഷ്യയിലെ നിലവിലെ സൈനിക നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും, സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും ഉച്ചകോടിയിൽ തീരുമാനിച്ചു. ഇറാൻറ ആക്രമണങ്ങൾ മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ഓർമിപ്പിച്ച നേതാക്കൾ, മിഡിൽ ഈസ്റ്റിലെ സമാധാനവും സ്ഥിരതയും വീണ്ടെടുക്കാൻ സംയുക്ത പരിശ്രമങ്ങൾ തുടരുമെന്ന് ഉറപ്പുനൽകി.
⭐*സൗദിയിലെ അൽ-ഖർജിൽ കെട്ടിടങ്ങൾക്ക് മുകളിൽ ഡ്രോൺ അവശിഷ്ടം പതിച്ചു; ആറ് വീടുകൾക്ക് ഭാഗിക നാശനഷ്ടം, ആർക്കും പരിക്കില്ല*
സൗദി അറേബ്യയിലെ അൽ-ഖർജ് ഗവർണറേറ്റിൽ ശത്രു ഡ്രോൺ തടയാനുള്ള ശ്രമത്തിനിടെ അവശിഷ്ടങ്ങൾ പതിച്ച് ജനവാസ കേന്ദ്രത്തിൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച (2026 മാർച്ച് 31) നടന്ന സംഭവത്തിൽ ഒരു റെസിഡൻഷ്യൽ ഏരിയയിലെ ആറ് വീടുകൾക്ക് ഭാഗികമായ നാശനഷ്‌ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
ഡ്രോൺ തകർത്തതിനെത്തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ വീടുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല.
സംഭവം നടന്ന ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള സാധാരണ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
⭐*സെൽഫ് ഡ്രൈവ് വാഹനങ്ങൾക്ക് റിയാദിൽ പ്രത്യേക പാത*
റിയാദ് സൗദി തലസ്ഥാനത്തെ യാത്രാ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതി ൻറ ഭാഗമായി ഹയാത്ത് മാളിനെയും റിയാദ് ഗാലറിയെയും ബന്ധിപ്പിച്ച് സെൽഫ് ഡ്രൈവ് (ഡ്രൈവറില്ലാ) വാഹനങ്ങൾക്കായി പുതിയ റൂട്ട് ആരംഭിച്ചു. റിയാദ് പൊതുഗതാഗത അതോറിറ്റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തുടനീളം സ്‌മാർട്ട് ഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ ഗതാഗത മേഖലയിൽ നടപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം.
നേരിട്ടുള്ള സാങ്കേതിക മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും ഈ വാഹനങ്ങൾ ദിവസവും സർവിസ് നടത്തുക. യാത്രക്കാർക്ക് സുരക്ഷിതവും അത്യാധുനികവുമായ യാത്രാനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റോഡും ചുറ്റുപാടുകളും കൃത്യമായി നിരീക്ഷിക്കാനും ഗതാഗത മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കാനും ശേഷിയുള്ള അത്യാധുനിക സെൻസറുകൾ, കാമറകൾ, ഇൻറലിജൻറ് സിസ്‌റ്റങ്ങൾ എന്നിവ ഈ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡ്രൈവിങ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും മനുഷ്യസഹജമായ പിശകുകൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന നിയന്ത്രണ സാങ്കേതികവിദ്യകളും ഇതിൻറ പ്രത്യേകതയാണ്.
ദേശീയ ഗതാഗത-ലോജിസ്റ്റിക്സ് പദ്ധതിയുടെയും വിഷൻ 2030-ന്റെറയും ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ സേവനം വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവിസുകളുടെ വിജയമാണ് പുതിയ റൂട്ട് ആരംഭിക്കാൻ അതോറിറ്റിയെ പ്രേരിപ്പിച്ചത്. മുൻ ഘട്ടങ്ങളിൽ സെൽഫ് ഡ്രൈവ് വാഹനങ്ങൾ 1,700-ലധികം യാത്രകളിലായി 3,000-ത്തോളം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു. ഏകദേശം 30,000 കിലോമീറ്ററിലധികം ദൂരം വിജയകരമായി സഞ്ചരിച്ചതായും അധികൃതർ വ്യക്തമാക്കി.
സമീപഭാവിയിൽ കൂടുതൽ റൂട്ടുകളിലേക്ക് സേവനം വ്യാപിപ്പിക്കാൻ അതോറിറ്റിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഗതാഗത, ലോജിസ്റ്റിക്സ‌് മന്ത്രി എൻജി. സാലിഹ് അൽജാസർ ആണ് റിയാദിൽ ആദ്യമായി സെൽഫ് ഡ്രൈവ് ടാക്സി സേവനം ഉദ്ഘാടനം ചെയ്തത്. ആധുനിക സാങ്കേതിക വിദ്യയിലൂടെ സുസ്ഥിരമായ ഒരു ഗതാഗത സംവിധാനം കെട്ടിപ്പടുക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് പുതിയ റൂട്ട് കരുത്തേകും.
⭐*സൗദി അറേബ്യയെയും കിരീടാവകാശിയേയും പ്രശംസിച്ച് ഡോണൾഡ് ട്രംപ്*
റിയാദ്:* സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രശംസകൾ കൊണ്ട് മൂടി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സ്വന്തം രാജ്യത്തിൻ്റെ സുരക്ഷയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത കരുത്തനായ പോരാളിയാണ് കിരീടാവകാശിയെന്ന് ട്രംപ് വിശേഷിപ്പിച്ചു. മിയാമിയിൽ നടന്ന 'ഫ്യൂച്ചർ ഇൻവെസ്റ്റ് മെൻറ് ഇനിഷ്യേറ്റീവ്' ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരു മികച്ച സുഹൃത്താണെന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തെപ്പോലൊരു നേതാവ് ഉള്ളതിൽ സൗദി അറേബ്യ അഭിമാനിക്കണമെന്നും കൂട്ടിച്ചേർത്തു. രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ദൃഢനിശ്ചയത്തെ ഒരു 'മഹാനായ വ്യക്തിയുടെ' അടയാളമായാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്.
സൗദി അറേബ്യയും അമേരിക്കയും തമ്മിൽ നിലവിലുള്ള പ്രതിരോധ കരാറിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായി ട്രംപ് വിശേഷിപ്പിച്ചു. നാറ്റോയ്ക്ക് പുറത്തുള്ള അമേരിക്കയുടെ പ്രധാന സഖ്യകക്ഷി എന്ന പദവി സൗദി അറേബ്യക്ക് നൽകിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
മിഡിൽ ഈസ്‌റ്റിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഇറാൻ ഭീഷണികളെ നേരിടാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് ആവർത്തിച്ചു. ഗൾഫ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ അദ്ദേഹം ഗൗരവത്തോടെ പരാമർശിച്ചു.
വാഷിങ്ടണുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) നേതാക്കളുടെ നിലപാടിനെ ട്രംപ് അഭിനന്ദിച്ചു. ഭൂമിശാസ്ത്രപരമായ സ്ഥാനം പരിഗണിക്കുമ്പോൾ, പല സുപ്രധാന സംഭവവികാസങ്ങളിലും നാറ്റോയേക്കാൾ വേഗത്തിൽ ഇടപെടാൻ സാധിക്കുന്നവരാണ് ഗൾഫ് രാജ്യങ്ങളെന്നും അദ്ദേഹം നിരീക്ഷിച്ചു.
0 Comments