*കോഴിക്കോട് |* രാജസ്ഥാനിൽ നിന്ന് റോഡ് മാർഗം കടത്തിക്കൊണ്ടു വന്ന രാസലഹരി മരുന്നുകൾ പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം വിവിധ എക്സൈസ് വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പിടികൂടി. 3.312 കിലോ മെതാംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് വ്യാഴാഴ്ച ഉച്ചയോടെ ടോൾ പ്ലാസയ്ക്കു സമീപം പിടികൂടിയത്. 3.5 കോടി രൂപയിലേറെ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.
മാരക രാസലഹരി മരുന്നുകൾ കാറിൽ കടത്തുകയായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്‌റീൻ(20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പി.കെ.ഷഫീഖ്(35) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് എക്സൈസ് ഇന്റലിജൻസ്, കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് നർകോട്ടിക് സ്പെഷൽ സ്ക്വാഡ്, എക്സൈസ് സൈബർ സെൽ എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരം അനുസരിച്ച് മണിക്കൂറുകൾ കാത്തിരുന്നാണ് കാർ പിടികൂടിയത്. കാറിന്റെ ബോണറ്റിന് ഉള്ളിൽ ഡാഷ്ബോർഡിനോട് ചേർന്നുള്ള രഹസ്യ അറയിൽ ഒൻപതു പൊതികളിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.
പിടിയിലായ ഫാത്തിമ നസ്റീൻ പ്രണയബന്ധങ്ങൾ തുടങ്ങി റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ട് വിഡിയോകളിലൂടെ ശ്രദ്ധേയയാണ്. പിടിയിലായ ഷഫീഖ് മുൻപും നിരോധിത ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ആളാണെന്നാണ് എക്സൈസ് സംഘം നൽകുന്ന വിവരം. ഇയാൾക്കെതിരെ വയനാട്, മലപ്പുറം ജില്ലകളിൽ കേസുകളുണ്ട്. ചേലമ്പ്ര തൈപ്പറമ്പ് സ്വദേശി ഫാറൂഖിന്റെ ഉടമസ്ഥതയിൽ ഉളളതാണ് കാർ. പ്രതിദിനം 3,500 രൂപ വാടകയ്ക്കാണ് ഷഫീഖ് ഈ വാഹനം എടുത്തതെന്നാണ് വിവരം.
പിടിയിലായവർ വിൽപനക്കാരാണോ അതോ ഇടനിലക്കാരാണോ എന്നത് അന്വേഷിച്ചു വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ മലപ്പുറം ചേലമ്പ്രയിലേക്കാണ് ലഹരിമരുന്നുകൾ എത്തിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തി. മംഗളൂരുവിൽ നിന്ന് കുടുംബയാത്രയെന്ന വ്യാജേന സംശയം ഒഴിവാക്കാനാണ് ഫാത്തിമ നസ്റീനെ വാഹനത്തിൽ യാത്രക്കാരിയായി ഉൾപ്പെടുത്തിയെന്നാണ് ഷഫീഖ് നൽകിയ മൊഴി. ഫാത്തിമയെയും ഷഫീഖിനെയും ചോദ്യംചെയ്യുന്നതോടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പേരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.
കോഴിക്കോട് നർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് റജിസ്റ്റർ ചെയ്ത കേസിൽ വിശദമായ തുടർ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല തുടങ്ങിയവ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
0 Comments