*പെരിന്തൽമണ്ണയിൽ ഡോക്ടറെ ആക്രമിച്ച സംഭവം; നാലു പ്രതികൾ പോലിസിന്റെ പിടിയിൽ*
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ ആക്രമിച്ച സംഭവത്തിൽ നാല് പ്രതികളെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഡോക്ടറുടെ വീട്ടിലെ പരിശോധനാ മുറിയിൽ വെച്ചാണ് രോഗിയുടെ ബന്ധുക്കളായ നാലുപേർ ചേർന്ന് മർദ്ദനം നടത്തിയത്.
കഴിഞ്ഞ 19-ാം തീയതി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവിച്ച സ്ത്രീക്ക് പ്രസവാനന്തര രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ 28-ാം തീയതിയോടെ ഇവർ മരണപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് സംശയിക്കുന്നു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമരസമിതി വെള്ളിയാഴ്ച ഒപി ബഹിഷ്കരിച്ച് സമരം നടത്തുകയാണ്. ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സമരത്തിൽ പങ്കുചേർന്നു.
*8 വർഷമായി സ്ഥിരം പ്രശ്നക്കാരൻ, നാട്ടുകാരുടെ പേടിസ്വപ്നം; ഒടുവിൽ മുട്ടിക്കൊമ്പൻ പിടിയിൽ*
*ബത്തേരി |* വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിവന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. 13 ദിവസമായി തുടർന്ന ദൗത്യമാണ് വിജയം കണ്ടത്. തുടർനടപടികൾക്കായി സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകളെ എത്തിച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ നടത്തിയ ദൗത്യത്തിനിടെ താത്തൂർ സെക്‌ഷനിൽ ഓനച്ചൻ കവലയിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. കുങ്കിയാനകളുടെ സഹായത്തിൽ മുട്ടിക്കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കും. മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയാൽ മുത്തങ്ങപ്പന്തിയിൽ പാർപ്പിക്കുന്നതിനുള്ള കൂടു നിർമാണം പൂർത്തിയായിരുന്നു. യൂക്കാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ചാണ് ഈ കൂട് നിർമിച്ചത്. ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെടുത്തിയ ആനയെ മയക്കുവെടിവച്ച വിവരം ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
മാർച്ച് നാലിന് ബത്തേരി വടക്കനാടിൽ ഈ കാട്ടാനയുടെ ആക്രമണത്തിൽ യുവകർഷകൻ പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ബത്തേരി വനംവകുപ്പ് ഓഫിസിലേക്ക് നാട്ടുകാർ പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതോടെ 12 ദിവസമായി പ്രത്യേക ദൗത്യ സംഘം വനത്തിനുളളിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. പലതവണ ആനയെ കണ്ടെത്തിയെങ്കിലും ദൗത്യസംഘത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്ന ആന കാടിനുള്ളിലേക്ക് ഓടിമറയുന്നതാണ് ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചുവന്നത്.
ആനയെ പിടികൂടാൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു തുടങ്ങിയവർ ഉൾപ്പെട്ട എൺപത് അംഗ വനംവകുപ്പ് സംഘത്തോടൊപ്പം മുത്തങ്ങ ആന പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയാണ് പ്രദേശത്ത് നിയോഗിച്ചിരുന്നത്. കുങ്കിയാനകൾ പകൽ പട്രോളിങ് നടത്തുകയും രാത്രികാലങ്ങളിൽ മുട്ടിക്കൊമ്പൻ നാട്ടിലിറങ്ങുന്നത് തടയുകയുമാണ് ചെയ്തുവന്നത്.
*സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പരാതി; ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്*
*കോഴിക്കോട്:* പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.
വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് ഫാത്തിമ തെഹ്‌ലിയക്കെതിരായ പരാതി. ഇത് സംബന്ധിച്ച് ഇന്നലെയായിരുന്നു ആര്‍ഒഎയ്ക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിമയ്ക്ക് നോട്ടീസ് നല്‍കിയത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുമെന്നാണ് വിവരം
0 Comments