*സ്വന്തം ചോരയെയും പ്രാണനെയും പണത്തിന് മീതെ വെച്ച് അളന്ന ആ നരാധമൻ ഒടുവിൽ നിയമത്തിന് മുന്നിൽ. 2013-ൽ കേരളത്തെ കണ്ണീരിലാഴ്ത്തിയ അരീക്കോട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി വാവൂർ കൂടാംതൊടി മുഹമ്മദ് ഷെരീഫിനെ നീണ്ട 13 വർഷത്തെ തിരച്ചിലിനൊടുവിൽ കർണാടകയിലെ പരപ്പന അഗ്രഹാരത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.*
*പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വാഹനാപകടമെന്ന വ്യാജേന വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഷെരീഫിന്റെ ക്രൂരത ഇന്നും നാടിന്റെ നെഞ്ചിൽ നോവായി ബാക്കിയുണ്ട്.*
*2013 ജൂലൈ മാസത്തിൽ നടന്ന സംഭവം ആരെയും വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഷെരീഫ് ആസൂത്രണം ചെയ്തത്. ടയർ പഞ്ചറായതിനെ തുടർന്ന് അപകടമുണ്ടായതാണെന്നും, താൻ രക്ഷപ്പെട്ടെങ്കിലും ഭാര്യ സാബിറയും (21) മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരും വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നുമാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്.*
*മകളുടെ മൃതദേഹവുമായി വിതുമ്പിക്കൊണ്ട് ഇയാൾ നാട്ടിലെത്തിയപ്പോൾ, ആ മുഖത്തെ കള്ളത്തരം ആരും തിരിച്ചറിഞ്ഞില്ല. എന്നാൽ, പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുത്ത് പുതിയ ജീവിതം സ്വപ്നം കണ്ടിരുന്ന ആ പിതാവിന്റെ ഉള്ളിലെ കുടിലത പിന്നീട് പോലീസ് പുറത്തു ചാടിച്ചു.*
*വിചാരണാ വേളയിൽ ജാമ്യം ലഭിച്ച പ്രതി 2014-ൽ മുങ്ങിയതോടെ, നീതി തേടിയുള്ള സാബിറയുടെ കുടുംബത്തിന്റെ യാത്ര തുടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി, തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അവർ കാത്തിരുന്നു.*
*76 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ച പോലീസ് സംഘത്തിന്റെ അന്വേഷണം ഒടുവിൽ കർണാടകയിലെ ഒളിത്താവളത്തിൽ എത്തി നിൽക്കുമ്പോൾ, മരണപ്പെട്ട ആ മൂന്ന് ജീവനുകൾക്ക് നീതി ലഭിക്കുമെന്ന വലിയൊരു പ്രതീക്ഷയിലാണ് ഇന്ന് നാട് മുഴുവൻ.*
*ആ പിഞ്ചുകുഞ്ഞുങ്ങളുടെയും ഉമ്മയുടെയും കണ്ണീരിനു പകരം നൽകാൻ, ഇനിയെങ്കിലും ഈ നരാധമന് അർഹമായ ശിക്ഷ ലഭിക്കുമോയെന്നാണ് നാട് ഉറ്റുനോക്കുന്നത്.*
0 Comments