LATEST

6/recent/ticker-posts

Header Ads Widget

ഇറാനെതിരായ യുദ്ധം നീണ്ടാൽ അമേരിക്കയ്ക്ക് ആയുധക്ഷാമം? മുന്നറിയിപ്പുമായി പെന്റഗൺ



ഇറാനെതിരായ സൈനിക നടപടികൾ നിലവിലെ തീവ്രതയിൽ പത്ത് ദിവസം കൂടി തുടർന്നാൽ അമേരിക്കയുടെ അത്യാധുനിക മിസൈൽ ശേഖരം നിർണായക പരിധിക്ക് താഴെയെത്തുമെന്ന മുന്നറിയിപ്പുമായി പെന്റഗൺ. ഈ ആശങ്കകൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായു ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.

ഇറാൻ–യുഎസ്–ഇസ്രയേൽ സംഘർഷം അഞ്ചാം ദിനത്തിലേക്ക് കടക്കുന്നതിനിടെയാണ് അമേരിക്കൻ സൈനിക കരുത്തിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നത്. അമേരിക്കയ്ക്ക് “അനന്തമായ ആയുധശേഖരം” ഉണ്ടെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള വാദങ്ങൾക്ക് വിപരീതമായാണ് പെന്റഗണിലെ വിലയിരുത്തലുകൾ പുറത്തുവരുന്നത്. ഈ വിഷയത്തിൽ വൈറ്റ് ഹൗസും പെന്റഗണും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ജനറൽ ഡാൻ കെയിനും പെന്റഗൺ ഉദ്യോഗസ്ഥരും ട്രംപിന് ആയുധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഫെബ്രുവരി 23ന് ദ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇറാനുമായുണ്ടായ ആക്രമണത്തിൽ മാത്രം യുഎസ് തങ്ങളുെട 25ശതമാനം താഡ് ഇന്റർസെപ്റ്റർ മിസൈലുകളും ഉപയോഗിച്ചു കഴിഞ്ഞിരുന്നു.

150ഓളം മിസൈലുകൾ അന്ന് ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. മാത്രമല്ല കപ്പലുകളിൽ നിന്നും ഉപയോഗിക്കുന്ന ഷിപ് ബോൺ ഇന്റർസെപ്റ്ററുകളുടെ ശേഖരം കഴിഞ്ഞ വർഷത്തെ ആക്രമണത്തിൽ തീർന്നിരുന്നുവെന്നും പെന്റഗൺ ഓർമിപ്പിക്കുന്നു. കൃത്യതയാർന്ന മറ്റ് അത്യാധുനിക ആയുധങ്ങളുടെ ലഭ്യതയും കുറഞ്ഞുവരികയാണ്.

പെന്റഗണിന്റെ മുന്നറിയിപ്പും ട്രംപിന്റെ നിലപാടും രണ്ട് തലത്തിലായത് യുഎസിനെ പ്രതിസന്ധിയിലാക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണങ്ങളെ തടയാൻ യുഎസിന് ബുദ്ധിമുട്ടുണ്ടായേക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. യുഎസിന്റെ ആയുധശേഖരം മറ്റെല്ലാ രാജ്യങ്ങളേക്കാളും വലിയ രീതിയിലായിരുന്നെങ്കിലും ഇസ്രയേൽ, യുക്രെയ്ൻ സഖ്യരാജ്യങ്ങൾക്കായി വൻതോതിൽ സൈനിക സഹായം നൽകിയതോടെയാണ് ആയുധശേഖരത്തിൽ കുറവ് വന്നത്.

ഒരു മാസത്തോളം സംഘർഷം നീണ്ടുനിന്നാൽ അത് അമേരിക്കയെ കടുത്ത ആയുധ ദൗർലഭ്യത്തിലേക്കും വൻ സാമ്പത്തിക ബാധ്യതയിലേക്കും നയിച്ചേക്കാമെന്നാണ് വിദഗ്ധ വിലയിരുത്തൽ. അതിനിടെ ദുബായിലെ യുഎസ് കോൺസുലേറ്റിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണശ്രമം ഇല്ലാതാക്കിയെന്ന് ദുബായ് വ്യക്തമാക്കുന്നു. ആക്രമണത്തെ അനുകൂലിച്ച രണ്ടുപേർ ബഹ്റൈനിൽ പിടിയിലായിട്ടുണ്ട്.

Post a Comment

0 Comments