ഹിമാചല്‍ പ്രദേശിലെ ധരംശാലയിലാണ് ദലൈലാമ താമസിക്കുന്നത്. അവിടത്തെ ബുദ്ധവിഹാരത്തിലെത്തി അദ്ദേഹത്തെ കാണാനും അഭിമുഖം നടത്താനും എളുപ്പമല്ല. എങ്കിലും കാനഡയില്‍ നിന്നുളള വില്യം റോസി എന്ന ചെറുപ്പക്കാരന്‍ ദലൈലാമയെ കാണാന്‍ പതിനായിരത്തിലധികം കിലോമീറ്റര്‍ അകലെ നിന്നും ധരംശാലയിലെത്തി. ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ വില്യം റോസിക്ക്. ദലൈലാമയെ കാണുക.. ഒരു ചോദ്യമെങ്കിലും ചോദിക്കുക.. ആശ്രമത്തിന് പുറത്ത് ദിവസങ്ങളോളം ചുറ്റിപ്പറ്റി നിന്നതിന് ശേഷമാണ് വില്യമിന് അകത്തുകയാറാന്‍ അവസരം ലഭിച്ചത്. വില്യമിനെ കണ്ട ദലൈലാമ അദ്ദേത്തിന്റെ കൈപിടിച്ചു. തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. വില്യം ചോദിച്ചു: ഇന്നത്തെ യുവാക്കള്‍ക്ക് എന്ത് ഉപദേശമാണ് അങ്ങേക്ക് നല്‍കാനുളളത്? ഉടനെ മറുപടി വന്നു: തുറന്ന മനസ്സോടെ ജീവിക്കുക, എല്ലായ്‌പോഴും സഹാനുഭൂതിയുളളവരായിക്കുക.. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ആ ചെറുപ്പക്കാരന്റെ കൈ തന്റെ കൈവെള്ളയ്ക്കുളളില്‍ വെച്ച് ഒരു മന്ദഹാസത്തോടെ തുടര്‍ന്നു: പ്രായമാകുമ്പോള്‍ വലിയ കൗശലത്തിനൊന്നും പോകാതിരിക്കുക.. കൗശലക്കാര്‍ക്ക് തുറന്ന മനസ്സുണ്ടാകില്ല.. അവര്‍ കരുണയുളളവരുമാകില്ല.. തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ച സന്തോഷത്തില്‍ മനസ്സ് നിറഞ്ഞ വില്യം റോസി യാത്ര തിരിച്ചു.. വില്യം റോസിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങിനെയാണ്.. നിഷ്‌കളങ്കമായ ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ നിങ്ങളാഗ്രഹിക്കുന്നത് സംഭവിക്കുക തന്നെ ചെയ്യും. നമ്മില്‍ തന്നെ വിശ്വസിക്കുക, ദയയുളളവരാകുക - ശുഭദിനം.
0 Comments