_കായംകുളം: എല്‍ഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് എ. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തു._
_അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നാണ് യുഡിഎഫിന്റെ ഈ അടിയന്തര നടപടി._
_തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇർഷാദ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് ആധാരമായത്. 'എംഎല്‍എ ആയിരുന്ന കാലത്ത് ഒരു പ്രവർത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കിലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വില്‍പ്പനക്ക് വെച്ചുകൊണ്ടാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു ഇർഷാദിന്റെ അധിക്ഷേപ പരാമർശം._
_ഈ പരാമർശത്തിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടാണ് യു. പ്രതിഭ പ്രതികരിച്ചത്. ഒരു സ്ത്രീയോട് പോലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും മാപ്പ് കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാനാണ് പ്രതിഭയുടെ തീരുമാനം. സ്ഥാനാർഥിക്ക് പൂർണ പിന്തുണയുമായി എല്‍ഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്._
_അതേസമയം, പരാമർശത്തെ പൂർണമായും തള്ളിക്കളഞ്ഞ യുഡിഎഫ് സ്ഥാനാർഥി എം. ലിജു സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. സ്ത്രീവിരുദ്ധമായ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇർഷാദ് പിന്നീട് ഖേദം പ്രകടിപ്പിക്കാൻ ശ്രമിച്ചെങ്കിലും തന്റെ വാക്കുകള്‍ അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്ന ന്യായീകരണമാണ് നല്‍കിയത്._
0 Comments