1884 ഫെബ്രുവരി 28ന് യു എസിലെ പൊട്ടോമാക് നദിയിലൂടെ പ്രിന്‍സ്ടന്‍ എന്ന് പേരുളള യു എസ് നാവിക കപ്പല്‍ കടന്നുപോവുകയാണ്. പടക്കപ്പലുകളും പടക്കോപ്പുകളുമൊക്കെ എതിരാളികളെ കാണിച്ച് അമ്പരപ്പിക്കുന്ന പരിപാടി അന്നുമുണ്ടായിരുന്നു. അന്ന് കാലത്ത് ലോകത്തെ ഏറ്റവും അത്യാധുനികമായ പടക്കപ്പലായിരുന്നു പ്രിന്‍സ്ടന്‍. ആ കപ്പിലിനെ ചൊല്ലി യുഎസ് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. അന്നത്തെ കപ്പല്‍ സഞ്ചാരത്തില്‍ വിശിഷ്ടാതിഥികളുടെ വന്‍നിരതന്നെയുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ജോണ്‍ ടൈലര്‍, സ്‌റ്റേറ്റ് സെക്രട്ടറി എബല്‍, നാവികവകുപ്പ് സെക്രട്ടറി തോമസ് ഗില്‍മര്‍ തുടങ്ങിയ 400 ഓളം അതിഥികളുണ്ടായിരുന്നു ആ കപ്പലില്‍. റോബര്‍ട്ട് സ്‌റ്റോക്ടനാണ് കപ്പലിന്റെ ക്യാപ്റ്റന്‍. പ്രമുഖരായ അതിഥികളുള്ളതല്ലേ എന്ന് കരുതി ഒരു കലാപരിപാടിപോലെ കപ്പലിലെ പീരങ്കിയില്‍ നിന്നും വെടിയുതിര്‍ക്കുന്ന പരിപാടിയും ആസൂത്രണം ചെയ്തിരുന്നു. ആചാരവെടി. പുതിയ കപ്പലെന്ന പോലെ പുതിയ പീരങ്കിയും അത്യാധുനികമായിരുന്നു. ആചാരവെടി നേരത്ത് പുത്തന്‍ പീരങ്കി പൊട്ടിത്തെറിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഏബല്‍ ഉള്‍പ്പെടെ എട്ടുപേര്‍ അപ്പോള്‍ തന്നെ മരിച്ചു. പ്രസിഡന്റ് ജോണ്‍ ടൈലര്‍ കപ്പലിന്റെ അടിത്തട്ടിലായിരുന്നതിനാല്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. പൊട്ടിത്തെറിച്ച ഈ പീരങ്കിയുടെ പേരാണ് മനോഹരം. പീസ് മേക്കര്‍.. സമാധാനദൂതന്‍, ശാന്തിസ്വരൂപന്‍ എന്നൊക്കെ പറയാം. പക്ഷേ, പ്രസിഡന്റ് ടൈലറുടെ അടക്കം മറ്റുപലരുടേയും സമാധാനവും ജീവിതം തന്നെയും എന്നന്നേക്കുമായി തകരുകയായിരുന്നു അവിടെവെച്ച്. പേര് വെച്ചാല്‍ വരുന്നതല്ല സമാധാനം. ഒരു പേരും നമ്മെ വഴിതെറ്റിക്കാതിരിക്കട്ടെ - ശുഭദിനം
0 Comments