ആചാരനുഷ്ഠാനങ്ങളില്‍ കൃത്യനിഷ്ഠയുള്ള ആളായിരുന്നു ഗുരു. വിശുദ്ധഗ്രന്ഥങ്ങളെക്കുറിച്ചുളള അറിവ് ഗുരുവിന് ധാരാളം ശിഷ്യരെ നേടിക്കൊടുത്തു. പക്ഷേ, സേവനത്തിലും സഹായത്തിലും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. ആരെയും ഉപദ്രവിക്കുകയോ, ആര്‍ക്കും നന്മചെയ്യുകയോ ഇല്ല. ഈശ്വരധ്യാനം മാത്രമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെ ഒരിക്കല്‍ ധ്യാനത്തിലിരിക്കേ അദ്ദേഹം മരിച്ചു. ഈശ്വരന്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ ഒരുതവണ കൂടി ജനിക്കണം. തനിക്കെന്താണ് മോക്ഷം നല്‍കാത്തതെന്ന് ഗുരു ചോദിച്ചപ്പോള്‍ ദൈവം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ഒരാള്‍ക്ക് പോലും നന്മചെയ്യാത്ത നിനക്ക് എങ്ങിനെയാണ് മോക്ഷം ലഭിക്കുക? അയാളുടെ തല കുനിഞ്ഞു. അറിവല്ല, അതിന്റെ പ്രയോഗമാണ് പ്രധാനം. മറ്റാര്‍ക്കുമില്ലാത്ത അറിവുകളുടെ ശേഖരം പൊതുവിജ്ഞാന മത്സരത്തില്‍ സമ്മാനം നേടിത്തന്നേക്കാം. മറ്റാര്‍ക്കും ഉപകരിക്കണമെന്നില്ല. അറിവുകള്‍ എത്രത്തോളമുണ്ട് എന്നതിലല്ല, അവ എത്രത്തോളം മറ്റുളളവര്‍ക്ക് പ്രയോജനപ്പെടുന്നു എന്നതാണ് അളക്കപ്പെടുക. കണ്ടുമുട്ടുന്ന ഓരോരുത്തര്‍ക്കും ഓരോ ആവശ്യങ്ങളായിരിക്കും. ചിലരുടെ ഉള്ളിലെ വിളക്ക് അണഞ്ഞിട്ടുണ്ടാകും, ചിലര്‍ ആഹാരം അന്വേഷിക്കുന്നവരായിരികും, ആശ്വസിപ്പിക്കാനൊരാളെ തേടുന്നവരായിക്കും ചിലര്‍. കൂടെ നടക്കാനൊരു സഞ്ചാരിയെ തിരയുന്നവരുണ്ടാകും, അവരില്‍ ഒരാള്‍ക്കുപോലും പ്രതീക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് ഈശ്വരനെ പ്രതീക്ഷിക്കാനാവുക.. അറിവിന്റെ നന്മപാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കാം - ശുഭദിനം
0 Comments