കോവളം: മോഷണക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി വീണ്ടും മോഷണക്കേസില്‍ പിടിയില്‍. ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാനാണ് (46) പിടിയിലായത്.എന്നാല്‍ അറസ്റ്റിന് പിന്നാലെ പ്രതി നല്‍കിയ മൊഴി കേട്ട് കോവളം പൊലിസ് അല്‍പം അമ്പരന്നു.ജയിലില്‍ നല്ല ഭക്ഷണവും താമസവും മികച്ച ചികിത്സയും ലഭിക്കും, ജോലി ചെയ്താല്‍ കൃത്യമായി കൂലി കിട്ടും, മാത്രമല്ല, താൻ ജയില്‍ അടുക്കളയിലെ സീനിയർ മേസ്തിരിയുമായിരുന്നു. അതിനാല്‍, ജയിലിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം കൊണ്ടാണ് താൻ മോഷണം നടത്തിയതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്.
കോവളം ഹാർബർ റോഡിലെ സൂപ്പർമാർക്കറ്റില്‍ നിന്ന് 40,000 രൂപയും മൊബൈല്‍ ഫോണും ഇയാള്‍ മോഷ്ടിച്ചു. പിന്നീട്, സമീപത്തെ കോഴിക്കടയില്‍ നിന്ന് 4000 രൂപയും മൊബൈല്‍ ഫോണും കവർന്നു. തുടർന്ന്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.ഇരുപത്തിയൊന്നിലധികം മോഷണക്കേസുകളില്‍ പ്രതിയാണ് ദിലീപ് ഖാനെന്ന് കോവളം എസ്.എച്ച്.ഒ ജെ.പി. അരുണ്‍കുമാർ അറിയിച്ചു. എസ്.ഐമാരായ സാജു, നൗഷാദ്, സി.പി.ഒമാരായ സെല്‍വൻ, അഭിലാഷ്, രാജേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ആഗ്രഹം പോലെ തന്നെ കോടതി ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.
0 Comments