മലപ്പുറം : പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വിറകിന് വില കുത്തനെ ഉയർന്നു. ഗ്യാസ് ലഭ്യമാകാത്ത സാഹചര്യത്തിൽ നിരവധി ഹോട്ടലുകൾ പാചകം വിറക് അടുപ്പിലേക്ക് മാറ്റിയതോടെയാണ് വിപണിയിൽ വിറകിന്റെ ആവശ്യകത വർധിച്ചത്.
സാധാരണയായി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്ത്‌തിരുന്ന വിഭവങ്ങളുടെ വലിയൊരു പങ്കും ഇപ്പോൾ വിറക് ഉപയോഗിച്ച് തയ്യാറാക്കേണ്ട സാഹചര്യമാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ഇതോടെ ഹോട്ടലുകൾ വലിയ തോതിൽ വിറക് വാങ്ങാൻ തുടങ്ങുകയും, പ്രാദേശിക വിപണിയിൽ വിറകിന്റെ ലഭ്യത കുറയുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിപണിയിൽ വിറകിന്റെ വില ടണ്ണിന് 1000 മുതൽ 1500 രൂപ വരെ വർധിച്ചതായി കച്ചവടക്കാർ പറയുന്നു. പുളിമരത്തിന്റെ വിറകിന് ടണ്ണിന് 5000 രൂപയുണ്ടായിരുന്നത് ഇപ്പോൾ 6000 രൂപയായി. ഇത് മുറിക്കാത്ത വിറകിന്റെ വിലയാണ്. മുറിച്ച വിറക് കിട്ടണമെങ്കിൽ ഏകദേശം 1000 രൂപ അധിക ചെലവ് വരും. മറ്റ് വിറകുകൾ പൊളിച്ച് നൽകുമ്പോൾ ടണ്ണിന് ഏകദേശം 7500 രൂപവരെ ഈടാക്കുന്നുണ്ട്. പടുവിറകിന്റെ വില ടണ്ണിന് 3200 രൂപയിൽ നിന്ന് 4200 രൂപയായും, റബ്ബർ വിറകിന്റെ വില 4000 രൂപയിൽ നിന്ന് 5000 രൂപയായും ഉയർന്നു. വിറക് ചുള്ളിയുടെ വിലയും 3800 രൂപയിൽ നിന്ന് 4500 രൂപയായി വർധിച്ചതായി വ്യാപാരികൾ പറഞ്ഞു.വാങ്ങാൻ തുടങ്ങിയതോടെ മാർക്കറ്റിൽ വിറകിന്റെ ലഭ്യത കുറയുന്ന സാഹചര്യമുണ്ടായതായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഹോട്ടലുകളാണ് വിറക് കൂടുതലായി വാങ്ങുന്നതെങ്കിലും ഗ്യാസ് ക്ഷാമം തുടരുകയാണെങ്കിൽ ഗാർഹിക ആവശ്യത്തിനും വിറക് വാങ്ങുന്നവരുടെ എണ്ണം വർധിക്കുമെന്നും അതോടെ വില ഇനിയും ഉയർന്നേക്കാമെന്നും വ്യാപാരികൾ പറയുന്നു.
0 Comments