LATEST

6/recent/ticker-posts

Header Ads Widget

മാലിന്യകേന്ദ്രങ്ങൾ ഇനി പൂന്തോട്ടങ്ങൾ; ജില്ലയിൽ വരുന്നു, മനോഹരമായ കണ്ടെയ്നർ എംസിഎഫുകൾ; ആദ്യഘട്ടത്തിൽ മലപ്പുറത്ത് 10 ഇടങ്ങളിൽ..!

മലപ്പുറം നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമായി മലപ്പുറം നഗരസഭയിൽ ആധുനിക കണ്ടെയ്നർ മിനി മെറ്റീരിയൽ കലക്ഷൻ സെന്ററുകൾ ഒരുങ്ങുന്നു. പരമ്പരാഗത കെട്ടിടങ്ങൾക്ക് പകരം വിവിധ വർണ്ണങ്ങളിൽ മനോഹരമായി രൂപകൽപ്പന ചെയ്ത ഷിപ്പിംഗ് കണ്ടെയ്നറുകളാണ് മാലിന്യ ശേഖരണത്തിനായി സജ്ജമാക്കുന്നത്. 

2024-25 വർഷത്തെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ തിരഞ്ഞെടുത്ത 10 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇവ സ്ഥാപിക്കുന്നത്.

വല്ലാർപാടത്ത് നിന്നുൾപ്പെടെ എത്തിച്ച യഥാർത്ഥ കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേവലം മാലിന്യശേഖരണ കേന്ദ്രങ്ങൾ എന്നതിലുപരി, ഇവ സ്ഥാപിക്കുന്ന ഇടങ്ങളിൽ ഇരിപ്പിടങ്ങളും ചെറിയ പൂന്തോട്ടങ്ങളും ഒരുക്കി പ്രദേശം മനോഹരമാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാനും ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിക്കാനും ഇതിലൂടെ സാധിക്കും.

കോണോംപാറ, കൂട്ടിലങ്ങാടി പാലം പരിസരം, മുണ്ടുപറമ്പ് കോളേജ് റോഡ്, ആലത്തൂർപടി ഓഡിറ്റോറിയം പരിസരം, സിവിൽ സ്റ്റേഷൻ കാന്റീൻ പരിസരം, പട്ടർക്കടവ് ഓയിൽ മിൽ, പട്ടർക്കടവ് പള്ളിപ്പടി, പാണക്കാട് ചാമക്കയം, ഹാജിയാർപള്ളി പുഴയോര നടപ്പാത, കിഴക്കേത്തല എന്നിവിടങ്ങളിലാണ് കണ്ടെയ്നർ എംസിഎഫുകൾ സ്ഥാപിച്ചിട്ടുള്ളത്.

നേരത്തെ 2021-ൽ 5 കോടി രൂപ ചെലവിൽ സ്ഥിരം കെട്ടിടങ്ങൾ നിർമ്മിക്കാൻ ആലോചിച്ചിരുന്നെങ്കിലും, ദേശീയപാതയോരത്തെ വാർഡുകളിൽ നിർമ്മാണ തടസ്സങ്ങൾ നേരിട്ടതിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. ഇതിന് പകരമായാണ് കുറഞ്ഞ സ്ഥലത്ത് എളുപ്പത്തിൽ സ്ഥാപിക്കാവുന്നതും മനോഹരവുമായ കണ്ടെയ്നർ എംസിഎഫ് എന്ന ആശയത്തിലേക്ക് നഗരസഭ എത്തിയത്.

നിലവിൽ നഗരസഭാ വളപ്പിലെ ഷെഡിങ് യൂണിറ്റിൽ കുമിഞ്ഞുകൂടിയിരിക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും പുതിയ സംവിധാനം സഹായകമാകും.

Post a Comment

0 Comments