LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


പഠനത്തിരക്കിലായിരുന്നത് കൊണ്ട് അയാള്‍ ഒരിക്കലും ഒരു ജോലിക്കായി ശ്രമിച്ചിരുന്നില്ല. ഭാര്യയാണ് നിത്യവൃത്തിക്കുളള വരുമാനം കണ്ടെത്തിയിരുന്നത്. ഒരു ജോലി അന്വേഷിക്കാനും, തനിക്ക് തനിച്ച് ഈ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും പലതവണ ഭാര്യപറഞ്ഞെങ്കിലും അയാള്‍ അത് കേട്ടതായി ഭാവിച്ചതേയില്ല. ഓരോരോ പഠനങ്ങളില്‍ മുഴുകി. ഒരു നാള്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ അത്താഴം വിളമ്പി മൂടിവെച്ചിരിക്കുന്നത് കണ്ടു. മൂടി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ കുറച്ച് പേപ്പറും പേനയും. ഇത് കണ്ട് ഭാര്യയോട് വഴക്കിടാന്‍ ചെന്നപ്പോള്‍ ഭാര്യ പറഞ്ഞു: നിങ്ങള്‍ക്കെപ്പോഴും വേണ്ടത് ഇതല്ലേ? അതാണ് ഞാന്‍ നിങ്ങള്‍ക്കായി കരുതിവെച്ചതും. ദേഷ്യത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നെങ്കിലും പിറ്റേന്ന് തന്നെ ഒരു ജോലി അന്വേഷിച്ചുകണ്ടെത്താന്‍ തീരുമാനിച്ചിരുന്നു. സാങ്കേതികമായും സൈദ്ധാന്തികമായും ആര്‍ക്കും ജീവിക്കാനാവില്ല. ജീവിതം പ്രായോഗികമാണ്. ജീവിക്കാനുളള വക സമ്പാദിക്കുക എന്നത് ജനിക്കുന്ന എല്ലാവരുടേയും ഉത്തരവാദിത്വമാണ്. ആശ്രിതരായി ജീവിക്കുന്നതിന് പരിധികളുണ്ട്. ആ ആനുകൂല്യം അധികകാലം ആര്‍ക്കും ലഭിക്കില്ല. ഓരോ കാലഘട്ടത്തിലും സംഭവിക്കേണ്ട സ്വാഭാവിക വളര്‍ച്ചയുണ്ട്. വളര്‍ച്ച അതിനനുസൃതമല്ലെങ്കില്‍ നാം മാറിചിന്തിക്കേണ്ടിയിരിക്കുന്നു. എത്രയും നേരത്തേ പ്രായോഗിക ജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കു സ്വയം പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നുവോ, അത്രയും നേരത്തേ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനുളള ഊര്‍ജ്ജം നമുക്ക് ലഭിക്കുകതന്നെ ചെയ്യും - ശുഭദിനം.

Post a Comment

0 Comments