അവിടെ ധാരാളം കരടികള്‍ ഉണ്ടായിരുന്നു. ധാരാളം ഇര കിട്ടുമെന്നുള്ളതുകൊണ്ടും ശല്യപ്പെടുത്താന്‍ ആരുമില്ലാതിരുന്നതുകൊണ്ടും അവര്‍ അവിടെ സുഖമായി ജീവിച്ചു. ഒരുദിവസം അവിടെ കരടികളെ പിടിക്കുന്ന ഒരു വ്യാളി പ്രത്യക്ഷപ്പെട്ടു. അത് ഒരു കരടിയെ പിടികൂടി. കരടി വേദനകൊണ്ട് പുളയുന്നതിനിടയില്‍ വ്യാളിയെ ഒരു വേട്ടക്കാരന്‍ വെടിവെച്ചുവീഴ്ത്തി. കരടി വേട്ടക്കാരനെ നന്ദിയോടെ നോക്കി. പിന്നെ വേട്ടക്കാരന്റെ കൂടെക്കൂടി. കരടിയെകൂടെക്കൂട്ടരുതെന്ന് പലരും വേട്ടക്കാരനോട് പറഞ്ഞെങ്കിലും അയാള്‍ അനുസരിച്ചതേയില്ല. ഒരു ദിവസം വേട്ടക്കാരന്‍ കിടന്നുറങ്ങുമ്പോള്‍ ഒരു ഈച്ച അയാളെ ശല്യപ്പെടുത്താന്‍ തുടങ്ങി. കാവലിരുന്ന കരടി പലതവണ ആട്ടിപ്പായിച്ചെങ്കിലും ഈച്ച പിന്മാറിയില്ല. ഒരു തവണ അത് വേട്ടക്കാരന്റെ നെറ്റിയില്‍ വന്നിരുന്നു. കരടി നെറ്റിയില്‍ ആഞ്ഞടിച്ചു. ഈച്ച ചത്തു. ഒപ്പം വേട്ടക്കാരനും. വിവേകമില്ലാത്ത വാത്സല്യം അപകടകരമാണ്. എല്ലാം നിനക്ക് വേണ്ടിയാണ് എന്ന്പറഞ്ഞ് സ്‌നേഹത്തില്‍ നല്‍കുന്ന പലതും സ്‌ഫോടകവസ്തുക്കളാണ്. എന്നെങ്കിലും അത് പൊട്ടിത്തെറിച്ച് പലരുടേയും ജീവനെടുക്കും. കൊടുക്കുന്നവരുടെ ഇഷ്ടങ്ങളും ഉദ്ദേശങ്ങളുമല്ല, വാങ്ങുന്നവരുടെ ശേഷിയും പ്രയോജനക്ഷമതയുമാണ് പ്രധാനം. കുരങ്ങ് കുരങ്ങായും കരടി കരടിയായും മാത്രമേ പെരുമാറൂ എന്ന തിരിച്ചറിവാണ് സഹയാത്രികരേയും മാര്‍ഗ്ഗനിര്‍ദ്ദേശകരേയും തിരഞ്ഞെടുക്കുമ്പോഴുളള മാനദണ്ഡം. ചേര്‍ന്നു നില്‍ക്കുന്നവരെയെല്ലാം അന്ധമായി വിശ്വസിക്കരുത്. ആരെയെങ്കിലും വിശ്വാസത്തിലെടുക്കേണ്ടത്, അവര്‍ കാണിക്കുന്ന വിനീതഭാവത്തിലൂടെയല്ല, ഇടപഴകലിലൂടെ തെളിഞ്ഞുവരുന്ന പക്വതയിലൂടെയും പ്രായോഗിക ബുദ്ധിയിലൂടെയുമാണ്. - ശുഭദിനം.
0 Comments