ആ ഇഷ്ടികകളത്തില്‍ അന്ന് മകനാണ് നിന്നിരുന്നത്. അപ്പോഴാണ് വയസ്സായ ഒരാള്‍ ഒരു പഴകിയ രസീതുമായി വന്നത്. അയാള്‍ പറഞ്ഞു: നാല്‍പതുവര്‍ഷം മുന്‍പ് ഞാനിവിടെ നിക്ഷേപിച്ച തുകയുടെ രസീതാണിത്. ആയിരം ഇഷ്ടികക്ക് അന്ന് 150 രൂപയായിരുന്നു വില. ഇത് 1500 രൂപയുടെ രസീതാണ്. എനിക്ക് പതിനായിരം ഇഷ്ടികവേണം. മകന്‍ ആ ആവശ്യം കണ്ണും പൂട്ടി നിരസിച്ചു. അപ്പോഴാണ് അച്ഛന്‍ അതുവഴി വന്നത്. അച്ഛന്‍ ആ വൃദ്ധനെ തിരിച്ചറിഞ്ഞു. മകനോട് പതിനായിരം ഇഷ്ടിക നല്‍കാനും ആവശ്യപ്പെട്ടു. പക്ഷേ, മകന്‍ നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടേ നിന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു: അന്ന് ഇവരെപോലുളളവര്‍ അത്രയും തുക നിക്ഷേപിച്ചതുകൊണ്ടാണ് നമ്മള്‍ ഇത്രയും വലുതായത്. രസീതുപോലും വാങ്ങാതെ ഇഷ്ടിക കൊടുക്കേണ്ടതായിരുന്നു.. മകന്‍ ആ വൃദ്ധന് പതിനായിരം ഇഷ്ടിക നല്‍കി. ആവശ്യംനേരത്ത് ഉണ്ടായിരുന്നവരുടെ, ആവശ്യങ്ങളോട് ഒരിക്കലും പുറംതിരിഞ്ഞുനില്‍ക്കരുത്. ഒന്നുമാലോചിക്കാതെ, വെയിലും മഴയും കൊള്ളുന്നവര്‍ക്ക് ചിലതൊക്കെ നഷ്ടപ്പെടുന്നുണ്ട്. അതു സമയമാകാം, സാമ്പത്തികമാകാം, സൗഹൃദമാകാം. ഒന്നിന്റേയും കണക്കുപുസ്തകം ആരുടേയും പക്കലുണ്ടാകില്ല. ഇവിടെ ഒറ്റക്ക് ജനിച്ച് ഒറ്റക്ക് ജീവിക്കുന്നവര്‍ ആരുമുണ്ടാകില്ല. നമുക്ക് അടിത്തറകള്‍ പാകിയവരെയും അടിവേരുകള്‍ സമ്മാനിച്ചവരേയും സൗകര്യപൂര്‍വ്വം മറക്കാതിരിക്കുക. അപ്പോഴേ നമുക്ക് സ്ഥായിയായ ഒരു പുരോഗതിയുണ്ടാകൂ.. എന്നും കണ്‍മുന്നില്‍ വരുന്നവരും നിരന്തരം നമ്മുടെ യാത്രകളില്‍ ഒപ്പമുണ്ടാകുന്നവരും മാത്രമല്ല അഭ്യുദയകാംക്ഷികള്‍. ആരുമില്ലാതിരുന്ന സമയത്തും അടിയന്തിരഘട്ടങ്ങളിലും നിലനില്‍പ്പിന്റെ ഊര്‍ജ്ജം നല്‍കി അപ്രത്യക്ഷമായവരെല്ലാം നമ്മുടെ അഭിവൃദ്ധിയുടെ അടിസ്ഥാനഘടകങ്ങളാണ്. വന്നവഴിയും അവിടെതെളിഞ്ഞ വിളക്കുകളും ഒരിക്കലും മറവിരോഗത്തിന് അടിമപ്പെടാതിരിക്കട്ടെ - ശുഭദിനം
0 Comments