LATEST

6/recent/ticker-posts

Header Ads Widget

വണ്ടൂരിലെ കൊലപാതകം; പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി


വണ്ടൂർ: പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പതിനാറുകാരനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയശേഷം ബോർഡിന്റെ ഉത്തരവുപ്രകാരമാണ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയതെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം ശനിയാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. പ്രതി ഒറ്റയ്ക്കാണ് കുറ്റംചെയ്തത് എന്ന നിഗമനത്തിലാണ് പോലീസ്.

മറ്റൊരിടത്ത് കൊല നടത്തിയതിനെക്കുറിച്ചോ കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതിനെക്കുറിച്ചോ നിലവിൽ സംശയമില്ല. പെൺകുട്ടിയുടെവീട്ടുകാർ നേരത്തേ പരാതിപ്പെട്ടതല്ലാതെ മറ്റുകേസുകളൊന്നും പ്രതിയുടെ പേരിൽ ഇല്ല. പോസ്റ്റ്മോർട്ടം കഴിഞ്ഞ സ്ഥിതിക്ക് ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ തുടങ്ങുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇരുവരേയും ഈ സ്ഥലത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തുമെല്ലാം നേരത്തേയും കണ്ടതായി ചിലർ പറയുന്നുണ്ട്. അത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമേ സ്ഥിരീകരിക്കാനാവൂ. മറ്റെവിടെയൊക്കെ ഇവർ പോയിട്ടുണ്ട് എന്നകാര്യവും അന്വേഷിക്കുന്നുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ളപ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇരുവരുടെയും മൊബൈൽഫോണുകളിലെ വന്നതും പോയതുമായ കോളുകൾ അടക്കം പരിശോധിച്ചുവരികയാണ്. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തന്നെയാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇതുവരെയുള്ള നിഗമനം.

പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ചോദ്യംചെയ്യുന്നതിനും ചില പരിമിതികളുണ്ട്. എന്തായാലും കൊലപാതകത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകും. മയക്കുമരുന്നുകൾ വല്ലതും ഉപയോഗിക്കുന്ന ശീലമുണ്ടോ എന്നും പരിശോധിക്കും. ഇതുവരെ അതിന്റെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

നെഞ്ചുപൊട്ടി നാട്; കണ്ണീർക്കാഴ്ചയായി വിട വാങ്ങൽ

നാടിനെയാകെ കണ്ണീരിലാഴ്ത്തി ഒമ്പതാം ക്ലാസുകാരിയുടെ സംസ്കാരച്ചടങ്ങുകൾ നടന്നു. സ്റ്റുഡന്റ് പോലീസ് കെഡേറ്റായ മിടുക്കിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് സഹപാഠികളും നാട്ടുകാരും.

മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കരുവാരക്കുണ്ട് അയ്യപ്പൻകാവിലെ ശ്‌മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

സുഹൃത്തിന്റെ ശല്യം സഹിക്കവയ്യാതെ പെൺകുട്ടിയുടെ അമ്മ മുൻപ് പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് ആൺകുട്ടിയെ പോലീസ് താക്കീത് ചെയ്തു. തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള പകയാണ്ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നൂവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. 16 വയസ്സുകാരൻ ഒറ്റയ്ക്ക് ഇത്രയും ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തെന്നത് വിശ്വസിക്കാനാവില്ലെന്നാണ് അവരുടെ പക്ഷം. സംഭവദിവസം വൈകുന്നേരം റെയിൽവേസ്റ്റേഷൻ പരിസരത്ത് പെൺകുട്ടിയടക്കം നാലുപേർ നടന്നുപോകുന്നത് കണ്ടതായി പറയുന്നുണ്ട്. വിവിധ ബസുകളിൽ യാത്രചെയ്താണ് പെൺകുട്ടിയും സുഹൃത്തും കൃത്യംനടന്ന സ്ഥലത്ത് എത്തിയത്.

ശാസ്ത്രീയ തെളിവുകൾക്കും സിസിടിവി ദൃശ്യങ്ങൾക്കുമായി പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ബസുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Post a Comment

0 Comments