LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറം ജില്ലയിലെ കെട്ടിട ഉടമകൾക്ക് ഇടിത്തീയായി ലേബർ സെസ് നോട്ടീസ്; കുടിശ്ശിക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയും കനത്ത പലിശയും; വർഷങ്ങൾക്ക് ശേഷമുള്ള നടപടിയിൽ ആശങ്കയേറുന്നു

ജില്ലയിൽ ലേബർ സെസ് പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ലേബർ വകുപ്പ് ഊർജ്ജിതമാക്കിയതോടെ പഴയ കെട്ടിട ഉടമകൾ കടുത്ത ആശങ്കയിൽ. 2015-16 കാലയളവിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇപ്പോൾ നോട്ടീസ് ലഭിച്ചു തുടങ്ങിയതാണ് ഉടമകളെ വലയ്ക്കുന്നത്.

നിർമ്മാണ ചെലവ് സംബന്ധിച്ച കൃത്യമായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ സെസ് തുക നിശ്ചയിക്കാൻ സാധിക്കൂ എന്നിരിക്കെ, വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച വീടുകളുടെ പ്ലാനും എസ്റ്റിമേറ്റും പലരുടെയും കൈവശമില്ലാത്തതാണ് പ്രധാന പ്രതിസന്ധി.

പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചെലവ് വന്ന വീടുകൾക്കും എല്ലാത്തരം വാണിജ്യ കെട്ടിടങ്ങൾക്കും ഫ്ലാറ്റുകൾക്കും ലേബർ സെസ് ബാധകമാണ്. ആകെ നിർമ്മാണ ചെലവിന്റെ ഒരു ശതമാനമാണ് വീടുകളിൽ നിന്ന് ഈടാക്കുന്നത്; വാണിജ്യ സ്ഥാപനങ്ങൾക്ക് ഇത് 1.1 ശതമാനമാണ്.

മുമ്പ് നോട്ടീസ് ലഭിച്ചിട്ടും പണം അടയ്ക്കാത്തവർക്കും വിദേശത്തായിരുന്നതിനാൽ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തവർക്കുമാണ് ഇപ്പോൾ വീണ്ടും നോട്ടീസ് അയക്കുന്നതെന്ന് ജില്ലാ ലേബർ ഓഫീസ് അധികൃതർ വ്യക്തമാക്കി. 

അസസ്‌മെന്റ് ഓർഡർ ലഭിച്ച് 15 ദിവസത്തിനകം തുക അടച്ചില്ലെങ്കിൽ പ്രതിമാസം രണ്ട് ശതമാനം പലിശയും റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടി വരുമെന്നത് ഉടമകളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.

2015-ലെ നിർദേശ പ്രകാരം ഓരോ സ്ലാബിനും നിശ്ചിത തുക സെസ് ആയി നിശ്ചയിച്ചിട്ടുണ്ട്. 100 സ്ക്വയർ മീറ്റർ വരെ 7,050 രൂപയും 400 സ്ക്വയർ മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് 16,600 രൂപയുമാണ് സ്ലാബ് അടിസ്ഥാനത്തിലുള്ള നിരക്ക്. അപ്രതീക്ഷിതമായി എത്തിയ വലിയ തുകയുടെ നോട്ടീസുകൾ സാധാരണക്കാരായ വീട്ടുടമകളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന പരാതികൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു.

Post a Comment

0 Comments