തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻമന്ത്രി ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. നെടുമങ്ങാട് കോടതി അദ്ദേഹത്തിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.രണ്ട് വർഷത്തിലധികം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയുണ്ടാവില്ലെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയാണ് ആന്റണി രാജു. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് ഭാവിയിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കില്ല. മേൽക്കോടതിയിൽ നിന്ന് ശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചാലും അയോഗ്യത നിലനിൽക്കാനാണ് സാധ്യത.
ബാർ കൗൺസിലിന്റെ അച്ചടക്ക നടപടി
കോടതിയിലെ തൊണ്ടിമുതലിൽ അട്ടിമറി നടത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തി ബാർ കൗൺസിൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. വിഷയം ഗൗരവകരമായതിനാൽ ബാർ കൗൺസിൽ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചു. ഈ മാസം ഒമ്പതിന് ചേരുന്ന മൂന്നംഗ അച്ചടക്ക സമിതി വിഷയം പരിഗണിക്കും. നടപടികളുടെ ഭാഗമായി ആന്റണി രാജുവിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകി വിശദീകരണം തേടും. ഒരു അഭിഭാഷകൻ എന്ന നിലയിൽ ഇത്തരമൊരു കൃത്യത്തിൽ ഏർപ്പെട്ടത് അഭിഭാഷക സമൂഹത്തിന് തന്നെ നാണക്കേടാണെന്നാണ് ബാർ കൗൺസിൽ പ്രസിഡന്റ് ടി.എസ്. അജിത്തിന്റെ പ്രതികരണം.
0 Comments