LATEST

6/recent/ticker-posts

Header Ads Widget

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ; നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഡിഎ നൽകുന്നതിനുള്ള കൃത്യമായ സമയപരിധി വ്യക്തമാക്കാനാകില്ലെന്നും നിലപാട്

കൊച്ചി: ജീവനക്കാരുടെ നിയമപരമായ അവകാശമല്ല ക്ഷാമബത്ത (ഡിഎ)യെന്ന് സംസ്ഥാന സർക്കാർ. അത് സർക്കാരിന്റെ നയപരവും ഭരണപരവുമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഡിഎ നൽകുന്നതിനുള്ള കൃത്യമായ സമയപരിധി വ്യക്തമാക്കാൻ സർക്കാരിന് കഴിയില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമക്കി. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.പിസി ന്യൂസ്‌,ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി കെ.എ. നവാസ്, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.കെ. ബാബുവഴിയാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. നിലവിൽ സർക്കാർ ഡിഎ അനുവദിക്കുന്നതിന് പുതുക്കിയ രീതിയാണ് പിന്തുടരുന്നതെന്നും, അഡീഷണൽ ഡിഎ അനുവദിക്കുന്ന മാസം മുതലാണ് അതിന് പ്രാബല്യമുണ്ടാവുകയെന്നും സർക്കാർ വിശദീകരിച്ചു. ഈ വ്യവസ്ഥ ഡിഎ കുടിശ്ശികയ്ക്ക് ബാധകമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേന്ദ്രസർക്കാർ നയങ്ങളാണ് സംസ്ഥാനത്ത് ഗുരുതരമായ ഫണ്ട് ദൗർലഭ്യം സൃഷ്ടിച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നിയന്ത്രിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, 26,226 കോടി രൂപ കടമെടുക്കാൻ നൽകിയ അപേക്ഷ കേന്ദ്രം നിഷേധിച്ച കാര്യം ഉൾപ്പെടെ വിഷയങ്ങൾ സുപ്രീംകോടതിയിൽ തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനം ലഭിച്ചാൽ ഡിഎ കുടിശ്ശിക സംബന്ധിച്ച് പുനഃപരിശോധന ഉണ്ടാകുമെന്നും അറിയിച്ചു.

ഡിഎ സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമാണെന്നും, പണപ്പെരുപ്പം നേരിടുന്നതിനുള്ള സഹായമായി നൽകുന്നതാണിതെന്നും സർക്കാർ വ്യക്തമാക്കി. ഇത്തരം നയപരമായ കാര്യങ്ങളിൽ കോടതികളുടെ ഇടപെടൽ പരിമിതമായിരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും, സർക്കാരിന്റെ സാമ്പത്തിക ശേഷി ഉൾപ്പെടെ പരിഗണിച്ചായിരിക്കണം ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

പശ്ചിമബംഗാൾ സർക്കാർ നൽകിയ അപ്പീലിൽ, ഡിഎ നൽകുന്നതിൽ ജീവനക്കാർ അനിശ്ചിതമായി കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് മാത്രമാണ് സുപ്രീംകോടതി പറഞ്ഞതെന്നും, നിർബന്ധമായി പണം നൽകാൻ കോടതി ഉത്തരവിട്ടിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. 2020 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെ കേന്ദ്ര സർക്കാർ തടഞ്ഞുവച്ച ഡിഎ കുടിശ്ശിക ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന കാര്യവും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തി.

കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷും മറ്റ് ഭാരവാഹികളും സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. ജസ്റ്റിസ് എൻ. നഗരേഷ് വ്യാഴാഴ്ച ഹർജി പരിഗണിച്ചെങ്കിലും സർക്കാർ അഭിഭാഷകന്റെ അസൗകര്യം പരിഗണിച്ച് കേസ് ജനുവരി 22-ലേക്ക് മാറ്റി. 2023 ജൂലൈ മുതൽ ആറു ഘട്ടങ്ങളിലായി 15 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് കുടിശ്ശികയായി നിലനിൽക്കുന്നത്.

Post a Comment

0 Comments