LATEST

6/recent/ticker-posts

Header Ads Widget

വരുന്നു, കേരളത്തിൽ ഗർഭാശയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയും


തിരുവനന്തപുരം:ഒരു കുഞ്ഞിനായി കൊതിയോടെ കാത്തിരിക്കുന്ന യുവതികൾക്ക്‌ പ്രതീക്ഷയേകി കേരളത്തിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ വരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ഇതിന്‌ സജ്ജമായി അനുമതിക്ക്‌ കെ സോട്ടോക്ക്‌ അപേക്ഷ നൽകി. അവയവ മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക്‌ അനുമതി നൽകേണ്ട സർക്കാർ ഏജൻസിയാണ്‌ കെ സോട്ടോ. ലൈസൻസ്‌ കിട്ടിയാലുടൻ ശസ്‌ത്രക്രിയ നടക്കും. നിലവിൽ രാജ്യത്ത്‌ അപൂർവമായാണ്‌ ഗർഭാശയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടന്നത്‌. പല കാരണങ്ങളാൽ ഗർഭധാരണം നടക്കാത്തവർക്ക്‌ വലിയ നേട്ടമാകുന്നതാണ്‌ ശസ്‌ത്രക്രിയ.

ജന്മനാ ഗർഭപാത്രമില്ലാത്ത സ്ത്രീകളും ഗർഭപാത്രത്തിന് കുഞ്ഞിനെ ജനിപ്പിക്കാനുള്ള ശേഷിയില്ലാത്തവരുമാണ് ആവശ്യക്കാർ. തലസ്ഥാനത്തെ ആശുപത്രിയിൽ ഗർഭാശയം സ്വീകരിക്കാൻ സന്നദ്ധയായി ചില സ്‌ത്രീകൾ ബന്ധപ്പെട്ടിട്ടുണ്ട്‌. ഇവിടെ ഇതിൽ പരിശീലനം നേടിയ ഡോക്ടറുമുണ്ട്‌. എന്നാൽ സർജറി നടത്തണമെങ്കിൽ ഡോക്ടർക്ക്‌ കെ സോട്ടോയുടെ ലൈസൻസ്‌ വേണം. ഇതിന്‌ ഡോക്ടർ അപേക്ഷിച്ചതായി കെ സോട്ടോ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ഡോ നോബിൾ ഗ്രേഷ്യസ്‌ പറഞ്ഞു. സർജറി നടത്തുന്ന ആശുപത്രി അടക്കം വിദഗ്‌ധ സംഘം പരിശോധിച്ച്‌ തൃപ്‌തികരമെങ്കിൽ ലൈസൻസ്‌ നൽകുമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിൽ കൊച്ചിയിൽ ഒരു ഡോക്ടർക്ക്‌ മാത്രമാണ്‌ ഗർഭാശയം മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക്‌ ലൈസൻസുള്ളത്‌.

മസ്‌തിഷ്‌ക മരണം സംഭവിച്ച സ്‌ത്രീകളുടെ ഗർഭാശയമാണ്‌ അടുത്ത ബന്ധുക്കളുടെ സമ്മതപത്ര പ്രകാരം എടുത്ത്‌ മറ്റൊരാളിൽ വച്ചുപിടിപ്പിക്കുക. ജീവിച്ചിരിപ്പുള്ളവർക്കും ഡോണർ ആകാമെങ്കിലും അവ ഏറെ ശ്രമകരമാണ്‌. നിലവിൽ മസ്‌തിഷ്‌ക മരണം സംഭവിച്ചവരുടെ എട്ട്‌ അവയവമാണ്‌ കേരളത്തിൽ ഇപ്പോൾ ദാനം ചെയ്യുന്നത്. കോർണിയ, ഹൃദയവാൽവ്‌, ഹൃദയം, കരൾ, ശ്വാസകോശം, വൃക്കകൾ, ചെറുകുടൽ, പാൻക്രിയാസ്‌ എന്നിവയാണത്‌. ഗർഭാശയം കൂടിയാകുമ്പോൾ ഇത്‌ ഒമ്പതാകും. സ്‌കിൻ മാറ്റിവെക്കുന്നതിനായി സ്‌കിൻ ബാങ്കും കേരളത്തിൽ പ്രവർത്തിക്കുന്നു. ദമ്പതികളുടെ അണ്ഡവും ബീജവും ഗർഭപാത്രത്തിന് പുറത്തുവെച്ച് അണ്ഡബീജ സംയോജനം (ഐവിഎഫ്‌) നടത്തിയാകും ഇ‍ൗ ഗർഭാശയത്തിൽ കുഞ്ഞിനെ ജനിപ്പിക്കുക.

Post a Comment

0 Comments