LATEST

6/recent/ticker-posts

Header Ads Widget

'സർക്കസും പോരാട്ടവും' ഭാഗം: 03

ഏറനാടൻ നാട്ടുവാർത്ത പത്രാധിപർ എം എ റഹ്‌മാൻ ജീവിതമെഴുതുന്നു.
ഭാഗം 03

"നീ പല്ലു തേച്ചില്ല ലെ"
"ഓ! തിരക്കിനിടയിൽ മറന്ന് പോയതാ..."
"പല്ല് തേക്കാതിരിക്കരുത്, ഇന്ന് ദീർഘയാത്ര ഉള്ളതാണ്"
"ഓക്കേ, ഉമ്മാ"

പല്ല് തേക്കാൻ രണ്ടു വഴികളുണ്ട്. ഒന്ന് ഉമി വറുത്തു കരിച്ച ഉമിക്കരി. അത് ലേശം കൈയ്യിൽ പകർന്നു പല്ലു തേച്ചാൽ മതി. രണ്ടാമത്തെ വഴി അതിലേറെ എളുപ്പമാണ്. കോമാങ്ങാ എന്ന് പേരുള്ള മാവിൽ നിന്നും ഇളം ഇലകൾ നുള്ളിയെടുക്കണം. പിന്നെ അത് പല്ലു കൊണ്ട് ചവച്ചു ചവച്ചു മൃദുവാക്കി, പല്ലിൽ ഉറച്ചു ഉറച്ചു തേക്കണം. ഏതാണ് കൂടുതൽ ഫലപ്രദം എന്നറിയില്ല. പക്ഷെ എളുപ്പം മാവിലയാണ്, തല തുവർത്തി മാവിന്റെ ചുവട്ടിലേക്കോടി. എന്നിട്ട് ഇളം മാവില നുള്ളിയെടുത്തു പല്ലു തേക്കുമ്പോൾ ഒരു മുരടനക്കം കേട്ടു.

ബാപ്പ വന്നിട്ടുണ്ട്. ദൂരെ ദൂരെയുള്ള യാത്രക്ക് ഇന്ന് ബാപ്പയാവും കൂട്ട്.
കൈയ്യിൽ കടലയോ ഇഞ്ചിമിഠായിയോ ഉണ്ടാവാറുണ്ട്. ഇത്ര നേരത്തെ ആയതിനാൽ ഇന്ന് ഒരു പക്ഷെ കാണില്ലായിരിക്കാം. മറ്റുള്ളവർ അടിച്ചു മാറ്റുന്നതിന് മുമ്പ് അത് അടിച്ചു മാറ്റണം. പല്ലു തേപ്പിന്റെ വേഗത ഒന്ന് കൂടി കൂട്ടി വായിൽ വെള്ളം കയറ്റി കൊപ്ലിക്കുമ്പോൾ കേട്ട്, കരച്ചിലും പിഴിച്ചുമായി മറ്റുള്ളവർ.

ഏഴു മണിയോടടുത്ത സമയത്തും മൂടി പുതച്ചുറങ്ങുന്ന മണി, പൂവി, മുത്തു, കുഞ്ഞിമ്മു, മുജി എല്ലാവര്ക്കും ചന്തിക്കിട്ട് അടി കിട്ടിയതാണ്. മുജിയെ അടിച്ചിട്ടുണ്ടാവുമോ? സാധ്യത കുറവാണ്. അവനെ അടിച്ചാൽ അവൻ മൊത്തം സീൻ ആക്കും. മെഞ്ചയുടെ സൈഡിൽ സൂക്ഷിച്ചിരുന്ന ചൂരൽ നേരത്തെ എണീക്കാത്തതിനും പരസ്പരം വികൃതി കാണിക്കുമ്പോഴും എടുത്തു വീശാനുള്ളതാണ്. 'നീയാണ് ഇവരെയൊക്കെ ഇങ്ങനെ ചീത്തയാക്കുന്നതെന്നു ഉമ്മയോട് ദേഷ്യം പിടിച്ചു ചൂരൽ വീണ്ടും കൃത്യ സ്ഥലത്തു വെച്ച് പിന്നെ പുറത്തിറങ്ങി വന്നു ബാപ്പ എന്നെ നോക്കി. 

'ഓ! നീ എണീറ്റ് ലെ, നല്ലത്' 'നീ നമസ്കരിച്ചോ?'
ഞാൻ ഉണ്ടന്നോ ഇല്ലന്നോ പറഞ്ഞില്ല.

'മക്കൾ നമസ്കാരശീലമുള്ളവരാവണം' ഇതാണ് ബാപ്പയുടെ ഏക ശാട്യം. 
നമസ്കരിക്കാതെ ഉറങ്ങിയാൽ, സൊറ പറഞ്ഞിരുന്നാൽ, കളിയിൽ മുഴുകിയാൽ ചൂരൽ വീശലാവും പിന്നെ.

ഒന്നോർത്താൽ അത് ശരിയാണ്. ഏഴു വയസ്സ് മുതൽ നമസ്കാരം ശീലിപ്പിക്കാനും പത്തു കഴിഞ്ഞാൽ മൃദുവായി അടിക്കാനുമാണ് വിശ്വാസിയോടുള്ള കല്പന. നമസ്കരിക്കാത്തവൻ വിശ്വാസിയല്ല എന്നാണ് ഇസ്‌ലാമിക വശം. നമസ്കാരം ഉപേക്ഷിക്കുന്നതിനു ഒരാൾ കണ്ടത്തുന്ന ന്യായങ്ങളൊന്നും ദൈവത്തിനു സ്വീകാര്യമല്ല. എഴുന്നേൽക്കാൻ കഴിയാത്തവർ ഇരുന്നും ഇരിക്കാൻ കഴിയാത്തവർ കിടന്നും അത് നിർവഹിച്ചേ പറ്റൂ.

'നീ എന്ത് പണിയാ കാണിച്ചേ?' പായയിൽ മൂത്രം ഒഴിച്ചുവല്ലേ'
ചൂരൽ കൊണ്ട് അടി കിട്ടിയതിനേക്കാൾ വേദനയോടെ ജേഷ്ഠൻ ചോദിച്ചു. മൂത്രം ആരൊഴിച്ചുവെന്നത് തർക്കവിഷയമായതിനാൽ അതെ കുറിച്ചൊന്നും പറയാതെ ഞാൻ അവനോട് പറഞ്ഞു. 
'ഇന്നലത്തെ മഴയിൽ മാവിൽ നിന്നും കുറെ മാങ്ങ വീണിരുന്നു. പക്ഷെ പലതും കേട് വന്നതായിരുന്നു.'
വി ആകൃതിയിൽ ഇരുവശത്തേക്കും പടർന്നു പന്തലിച്ച കോമാങ്ങയിൽ നിറയെ മാങ്ങയുണ്ടാവും. പച്ചയാവുമ്പോഴേ ചമ്മന്തിയിലേക്ക് ചേരുവയാകാനാണ് അധികവും, പക്ഷെ ഇന്ന് കുറച്ചു പഴുത്ത മാങ്ങ കിട്ടി.

ഞാൻ കൊടുത്ത മാങ്ങയിൽ നിന്നും ഒന്നെടുത്തു കടിച്ച് അവൻ തോർത്തുമെടുത്തു കുളിക്കാനായി താഴെ കിണറ്റിൻ കരയിലേക്ക് പോയി. 
പാവം അവനും അടി കിട്ടിയിട്ടുണ്ട്. അടി കിട്ടിയപ്പോ അവൻ എതിർത്തിട്ടുണ്ടാവും, അപ്പൊ പിന്നെ അടിയുടെ ശക്തി കൂടും, ബാപ്പയുടെ വാശി കൂടും. 

ഇന്നലത്തെ മഴയിൽ നിറഞ്ഞ ബക്കറ്റിലെ വെള്ളം ഉപയോഗിച്ച് വുളു എടുത്തു നമസ്കരിക്കാൻ റെഡി ആയി. സൂര്യോദയം വരെയാണ് സുബ്ഹി നമസ്കാരത്തിന്റെ സമയം. പലരും ഖദാ ആയി എന്ന് പറഞ്ഞു ളുഹ്‌റിന്റെ കൂടെയാണ് പൊതുവെ നമസ്കരിക്കാറുള്ളത്. പക്ഷെ ഞാൻ എപ്പോഴും വൈകി തന്നെ നമസ്കരിക്കാരാണ് പതിവ്. അടുക്കള ഭാഗത്തു കൂടി അകത്തേക്ക് കടക്കുന്നത് ലേശം റിസ്കിയാണ്. ബാപ്പ കണ്ടാൽ വൈകി നമസ്കരിച്ചതിന് ചൂരൽ വീശാൻ സാധ്യതയുണ്ട്. ഇനി കോലായിക്കടുത്തുള്ള ഓഫീസ് റൂമിൽ ചെന്ന് നമസ്കരിക്കണം. ഓഫീസ് റൂമിൽ നിന്നും അപ്പോഴേക്കും ഏതോ ഒരു ഹിന്ദി സിനിമയിലെ ഗാനം പുറത്തേക്കൊഴുകി പരക്കുന്നുണ്ട്. 

'ഓഹ്! മണി നേരത്തെ എണീറ്റിട്ടുണ്ട്. 
അപ്പൊ അടി കിട്ടിയത് അവനല്ല, അലറിക്കരഞ്ഞതും അവനല്ല. വാതിൽ പൊളി ഇല്ലാത്ത സാരി കൊണ്ട് ജനൽ മറച്ച ഓഫീസ് റൂമിൽ പൊതുവെ കിടക്കാറുള്ളതും ഉപയോഗിക്കാറുള്ളതും മൂത്ത സഹോദരൻ മണിയാണ്. വലിയ ബാറ്ററിയുള്ള ഒരു പഴയ ടേപ്പ് റിക്കോർഡറിൽ ഓല കേസറ്റ് വെച്ച് ഹിന്ദി പാട്ട് കേട്ടുകൊണ്ടിരിക്കെ എന്നെ കണ്ടപ്പോ അത് ഓഫാക്കി. 
'വേഗം നമസ്കരിച്ചോ'
ഒരു പുൽപ്പായ വലിച്ചിട്ട് ഞാൻ സുബ്ഹ് നമസ്കരിച്ചു.
- തുടരും

Post a Comment

0 Comments