*കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ വനം വകുപ്പിന്റെ പാനലിലുള്ള കർഷകർ കൈവശംവെച്ചു പോരുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കുന്നതിന് ശുപാർശ നൽകാതെ പോലീസ് വകുപ്പ്. റവന്യൂ, വനം, പോലീസ് വകുപ്പുകളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ജില്ലാ കളക്ടർ തോക്കുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നത്.*
*എന്നാൽ, കർഷകർക്ക് തോക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ് അധികൃതർ. റവന്യൂ അധികൃതർ കർഷകരുടെ അപേക്ഷകളിൽ നിരാക്ഷേപ പത്രം നൽകിയിട്ടുണ്ട്.*
*കൂടാതെ, സൈലന്റ് വാലി വനത്തോട് ചേർന്ന പ്രദേശമായതിനാൽ വനം വകുപ്പ് സി.സി.എഫിന്റെ അനുമതിക്കായി കത്തുനൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാവശ്യ തടസ്സവാദങ്ങൾ കാരണം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.*
*നിലവിൽ അഞ്ച് വർഷമാണ് തോക്കുകളുടെ ലൈസൻസ് കാലാവധി. 6 വർഷം മുൻപും സമാനമായ രീതിയിൽ പോലീസ് ലൈസൻസ് തടഞ്ഞുവെച്ചതിനെ തുടർന്ന് കർഷകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. മുൻപ് മാവോയിസ്റ്റ് ഭീഷണിയുടെ പേരുപറഞ്ഞാണ് പോലീസ് തോക്ക് ലൈസൻസ് തടഞ്ഞത്.*
*സ്റ്റേഷൻ പരിധിയിൽ നാൽപ്പതിലേറെ ലൈസൻസുള്ള തോക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. പോലീസ് നിലപാട് മാറ്റാത്തപക്ഷം വീണ്ടും നിയമപോരാട്ടത്തിലേക്ക് കടക്കാനാണ് കർഷകരുടെ തീരുമാനം.*
0 Comments