കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി റോഡിൽ തൊഴിലാളികളുമായി പോയ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് 22 പ്രവാസി തൊഴിലാളികൾക്ക് പരിക്ക്. റോഡരികിലെ മൺതിട്ടയിലും ലോഹ വേലിയിലും ഇടിച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ചിലർക്ക് ഒടിവുകൾ ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകളുണ്ടെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്.
അപകടവിവരം ഇന്നലെ രാവിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തനം വേഗത്തിലാക്കി. പൊലീസ് പട്രോളിങ് സംഘങ്ങളും ട്രാഫിക് ഉദ്യോഗസ്ഥരും എമർജൻസി മെഡിക്കൽ സംഘങ്ങളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടത്തിൽപ്പെട്ട മുഴുവൻ തൊഴിലാളികളെയും ആംബുലൻസുകളിൽ ജഹ്റ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലെത്തിച്ചവരിൽ ഭൂരിഭാഗം പേരെയും വിദഗ്ധ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ മൂന്ന് തൊഴിലാളികളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇവർ പ്രത്യേക വാർഡിൽ തുടർചികിത്സയിലാണ്.
അപകടത്തെ തുടർന്ന് റോഡിലുണ്ടായേക്കാവുന്ന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ട്രാഫിക്-രക്ഷാപ്രവർത്തക സംഘങ്ങൾ നടപടി സ്വീകരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം പ്രോജക്ട് മാനേജരും സ്ഥലത്ത് സന്നിഹിതനായിരുന്നു.
അതേസമയം, ബസ് നിയന്ത്രണം വിട്ടതിന്റെ യഥാർഥ കാരണം എന്താണെന്ന് കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക
0 Comments