നാടകങ്ങളിലൂടെയും സിനമകളിലൂടെയും മലയാളി മനസ്സിൽ ഇടനേടിയ നടി സാവിത്രി ശ്രീധരന് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഒറ്റ സിനിമ മതി മലയാളികൾക്ക് സാവിത്രി എന്ന നടിയെ ഓർമ്മിക്കാൻ. ചിത്രത്തിലെ ‘ജമീല ഉമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളികളുടെ മനം കവർന്നത്. നിരവധി നാടകങ്ങളിലും സാവിത്രി ശ്രീധരന് അഭിനയിച്ചിട്ടുണ്ട് കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളിലെ നായികയായിരുന്നു താരം. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും താരം നേടിയിരുന്നു.നാടക വേദികളിലൂടെയാണ് സാവിത്രി ശ്രീധരൻ മലാളികൾക്ക് സുപരിചിതയായത്. 1961 ലാണ് ആദ്യമായി നാടക വേദിയില് എത്തുന്നത്. കെ ടി മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ എന്നീ നാടക സമിതികളുടെ എണ്ണമറ്റ നാടകങ്ങളില് കരുത്തുറ്റ കഥാപാത്രങ്ങളെ അവര് അവതരിപ്പിച്ചു. 1977 ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്ഡ് നേടി. അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണല് നാടക വേദിയില് സജീവമായിരുന്നു. എം ടി വാസുദേവന് നായര് രചനയും സംവിധാനവും നിര്വ്വഹിച്ച കടവ് എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരന് സിനിമയില് അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് പല സിനിമകളിലും വിവിധ വേഷങ്ങളിൽ തിളങ്ങി. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി മേഡ് ഇന് ചൈന, പപ്പന് തുടങ്ങിയ ചിത്രങ്ങളിലാണ് തരാം അഭിനയിച്ചത് . അഭിനയിച്ച ചിത്രങ്ങളില് ഏറ്റവും ശ്രദ്ധേയം സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷം തന്നെയായിരുന്നു.
കോഴിക്കോട് വെസ്റ്റ് മാങ്കാവിൽ ശ്രീധരീയം വീട്ടിൽ സാവിത്രിയുടെ ഭർത്താവ് ശ്രീധരൻ മുൻപെ മരിച്ചിരുന്നു. കോഴിക്കോട്ടെ നാലു പ്രശസ്ത പ്രഫഷനൽ നാടകട്രൂപ്പിലെ തിരക്കുള്ള നടിയായിരുന്നു സാവിത്രി. പ്രഫഷനൽ നാടക ട്രൂപ്പുകളുടെ സുവർണ്ണകാലം കഴിഞ്ഞതോടെ സങ്കടത്തോടെ വേദിയോടു വിടപറയേണ്ടി വന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതു വരെ അഭിനയരംഗത്ത് സജീവമായിരുന്നു താരം
0 Comments