LATEST

6/recent/ticker-posts

Header Ads Widget

🟢തുടർച്ചയായ കാലവർഷക്കെടുതികൾ; വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണത്തിന് സർക്കാർ തയ്യാറാവണം: എസ്.എസ്.എഫ്🔴



 *മലപ്പുറം* : തുടർച്ചയായ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി ആരംഭിക്കണമെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കണമെന്ന ആവശ്യം കഴിഞ്ഞ വർഷവും എസ് എസ് എഫ് ഉന്നയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ മുൻ സർക്കാർ ആരംഭിച്ചിരുന്നുവെങ്കിലും, അതിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ ആ ചർച്ചകൾ വീണ്ടും സജീവമാക്കി പ്രായോഗികമായ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കണം.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ റെഡ്, ഓറഞ്ച് അലർട്ടുകളെ തുടർന്നുള്ള തുടർച്ചയായ അവധികൾ പഠനപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ഓരോ വർഷവും 10 മുതൽ 15 വരെ പ്രവൃത്തി ദിനങ്ങളാണ് നഷ്ടപ്പെടുന്നത്. ഇത് വിദ്യാർഥികളുടെ പഠനത്തെ മാത്രമല്ല, അധ്യാപകരെയും തൊഴിലെടുക്കുന്ന രക്ഷിതാക്കളെയും പ്രതികൂലമായി ബാധിക്കുന്നു.
അക്കാദമിക് കലണ്ടറിലെ മാറ്റങ്ങൾ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ദേശീയതല പ്രവേശന പരീക്ഷകൾ, മറ്റ് അക്കാദമിക് ക്രമീകരണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കണം. ഇതിനായി വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ, കാലാവസ്ഥാ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ചർച്ചകൾ വേഗത്തിലാക്കണം.
ഓരോ കാലവർഷം വരുമ്പോഴും ചർച്ചയാരംഭിക്കുകയും പിന്നീട് വിസ്മരിക്കുകയും ചെയ്യുന്ന സമീപനം അവസാനിപ്പിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുള്ള ദീർഘകാല വിദ്യാഭ്യാസ നയമാണ് കേരളത്തിന് ആവശ്യം. വിദ്യാർഥികളുടെ വിദ്യാഭ്യാസം മുടങ്ങാതെയും സുരക്ഷിതമായും മുന്നോട്ടുപോകാനുതകുന്ന തീരുമാനങ്ങളാണ് സർക്കാർ കൈകൊള്ളേണ്ടത്. 
അരീക്കോട് മുണ്ടമ്പ്രയിൽ നടന്ന ഈസ്റ്റ്‌ ജില്ലാ അനലൈസയിൽ ജില്ലാ സെക്രട്ടറി എ കെ മുഹമ്മദ്‌ ഷിബിൻ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി എം സ്വാബിർ സഖാഫി അനലൈസ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ മുഷ്താഖ് സഖാഫിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ പി മുഹമ്മദ് അനസ് കാരിപ്പറമ്പ്, സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് ഹാഷിർ ഫറോക്ക് എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. 

Post a Comment

0 Comments