*കനത്ത മഴയിൽ എടവണ്ണ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയും കൃഷിയിടങ്ങളും തോടുകളും കുളങ്ങളും നിറഞ്ഞുകവിയുകയും ചെയ്തു.*
*ഒതായി, ചാത്തല്ലൂർ പ്രദേശങ്ങളിൽ തോടുകൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പുന്നോത്ത് ഗഫൂർ, കാരപ്പഞ്ചേരി അബൂബക്കർ എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറി. കുന്നുപുറം കോട്ടാലയിൽ മണികണ്ഠന്റെ വീടിന്റെ പുറകുഭാഗത്ത് വലിയ രീതിയിൽ കുന്നിടിഞ്ഞ് മണ്ണ് ചുമരിലേക്ക് പതിച്ചു.*
*തൊട്ടടുത്തുള്ള കൊടാൻ സക്കീറിന്റെ വീടിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞതും വലിയ അപകടഭീഷണിയുയർത്തുന്നുണ്ട്. പ്രദേശത്തെ അപകടാവസ്ഥയിലായ ഒൻപതോളം കുടുംബങ്ങളെ എടവണ്ണ സീതി ഹാജി ഹൈസ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.*
*തുവ്വക്കാടിൽ നിർമ്മാണത്തിലിരിക്കുന്ന പള്ളിയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് സയ്യിദ് നജീബ് തങ്ങൾ, സയ്യിദ് ഇബ്രാഹിം തങ്ങൾ എന്നിവരുടെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.*
*ചെമ്പക്കുത്തിൽ ഇന്ന് രാവിലെ ആറോടെ വീടിന്റെ സംരക്ഷണഭിത്തി തകർന്നുവീഴുകയും സമീപത്തെ വൈദ്യുതി തൂണുകൾ കടപുഴകുകയും ചെയ്തു. പ്രദേശത്ത് പോലീസും പ്രാദേശിക ജനപ്രതിനിധികളും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.
0 Comments