*അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് യുകെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഞ്ചേരി സ്വദേശിനി റഫിയ ഷെറിന് (30) ജീവൻ നിലനിർത്താൻ അനുയോജ്യമായ സ്റ്റെം സെൽ (അസ്ഥിമജ്ജ) ദാതാവിനെ തേടുന്നു. യുകെയിലെ ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയയെ സഹായിക്കാനായി ജന്മനാടായ മഞ്ചേരിയിൽ ജനകീയ പങ്കാളിത്തത്തോടെ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും.*
*2019-ൽ ഉപരിപഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ഈജിപ്ത്, സെർബിയ യാത്രയ്ക്കിടെ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ്വ രോഗം സ്ഥിരീകരിച്ചത്.*
*ശരീരത്തിൽ പുതിയ രക്തകോശങ്ങൾ ഉത്പാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണിത്. നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെച്ചാണ് റഫിയയുടെ ജീവൻ നിലനിർത്തുന്നത്.*
*സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികൾക്കും റഫിയക്കും തുണയാകാനായി ഈ മാസം 15-ന് മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. DKMS വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന സ്വാബ് കിറ്റ് ഉപയോഗിച്ച് ലളിതമായി ആർക്കും രജിസ്ട്രേഷന്റെ ഭാഗമാകാം.*
*ചെറുപ്പത്തിൽ തന്നെ ഗ്രീൻ പാലിയേറ്റീവ് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിർധന കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകുന്നതിലും മുൻപന്തിയിലുണ്ടായിരുന്ന റഫിയയുടെ ജീവൻ രക്ഷിക്കാനുള്ള ഈ വലിയ ദൗത്യത്തിൽ കൈകോർക്കാൻ നാടൊന്നാകെ ഒരുങ്ങുകയാണ്.*
0 Comments