ഫുട്ബോൾ കളിക്കാനായി നല്ലൊരു കൂട്ടം ബൂട്ട്സ് വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴതാ, ഇഷ്ടപ്പെട്ട ബ്രാൻഡുകളുടെയും തൊട്ടടുത്തുള്ള ഷോപ്പുകളുടെയും പരസ്യം ഫീഡിൽ വന്നുനിറയുന്നു- ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന അധികപേരും ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞ ഒന്നായിരിക്കും അത്. പിന്നീടങ്ങോട്ടുള്ള ഗൂഗിൾ സേർച്ചുകളിലും മറ്റെല്ലാ ഫീഡുകളിലും ആ പരസ്യങ്ങൾ തന്നെയായിരിക്കും വന്നുമറയുന്നത്. ഇതെങ്ങനെയെന്ന് പലകുറി ചിന്തിച്ചിരുന്നിട്ടുണ്ടാകുമെങ്കിലും അധികപേരിലും ഉത്തരംകിട്ടാത്തൊരു ചോദ്യമായി അവശേഷിക്കുന്നുണ്ടാകും ഇക്കാര്യം. സ്വാഭാവികമായും ഇത്തരം സാഹചര്യങ്ങളിൽ മിക്കവരിലും ഉയർന്നുവന്നേക്കാവുന്ന ചോദ്യങ്ങളിലൊന്നാണ്, യഥാർഥത്തിൽ നമ്മുടെ ഫോൺ സ്വകാര്യവിവരങ്ങൾ ചോർത്തുന്നുണ്ടോ?
നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഓൺ ചെയ്തുവെച്ച സെറ്റിങ്സുകളിലൂടെ, അളവറ്റ രീതിയിൽ സ്വകാര്യവിവരങ്ങൾ പങ്കുവെക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആപ്പ് പെർമിഷൻ മുതൽ ലൊക്കേഷൻ ട്രാക്കിങ് അടക്കം തിരശ്ശീലയിൽ നിരവധി കാര്യങ്ങൾ നിങ്ങളറിയാതെ നടക്കുന്നുണ്ട്. അഥവാ, ഇക്കാര്യങ്ങളെല്ലാം അവഗണിച്ച് മുന്നോട്ടുപോവാനാണ് നീക്കമെങ്കിൽ, നിങ്ങൾ കരുതുന്നതിലുമേറെ സ്വകാര്യവിവരങ്ങൾ ചോർന്നുപോകാനിടയുണ്ടെന്ന് ചുരുക്കം.
ഇത്തരത്തിൽ, ചെന്നുപെടുന്ന ഇടങ്ങളിലെല്ലാം കൊണ്ടുപോകുന്ന മൊബൈൽ ഫോണുകൾ സ്വകാര്യവിവരങ്ങൾ ചോർത്തുന്നത് എങ്ങനെ തടയാമെന്നല്ലേ? ഈ മൂന്ന് കാര്യങ്ങളിൽ അതീവജാഗ്രത പാലിക്കുകയാണെങ്കിൽ ഒരുപരിധി വരെ പ്രൈവസി സുരക്ഷിതമാക്കി വെക്കാനാകുമെന്നാണ് ടെക് നിരീക്ഷകരുടെ മുന്നറിയിപ്പ്.
*1. ആപ്പ് പെർമിഷൻ*
പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ മൈക്രോഫോൺ, ക്യാമറ, ഫോട്ടോ ഗ്യാലറി എന്നിവയിലേക്കുള്ള ആക്സസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പോപ് അപ് സന്ദേശം വരാറില്ലേ? ഒരു ആപ്പിന് എന്തിനിത്ര ആക്സസുകൾ വേണമെന്നത് പോലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഈ പെർമിഷനുകൾ അനുവദിക്കാറുണ്ടെങ്കിൽ അത് അപകടകരമായേക്കാം. ഇത് രഹസ്യമായി നിങ്ങളുടെ ശബ്ദസന്ദേശങ്ങൾ, ഫോട്ടോകൾ, അതുമല്ലെങ്കിൽ നിങ്ങളുടോ അറിവോ സമ്മതമോ കൂടാതെ വിഡിയോ റെക്കോർഡ് ചെയ്യപ്പെടാൻ വരെ കാരണമായേക്കാം.
അതുകൊണ്ട്, ഫോണിൽ കയറ്റുന്ന ആപ്പുകളുടെ പ്രവർത്തനരീതിയെ കുറിച്ച് ധാരണയുണ്ടാക്കിവെച്ചതിന് ശേഷം മാത്രം ഫോണിലേക്കുള്ള ആക്സസുകൾ അനുവദിച്ചുകൊടുക്കുക. ഫോട്ടോ എഡിറ്റർ ആപ്പിന് ഫോട്ടോ ഗ്യാലറിയിലേക്ക് ആക്സസ് വേണ്ടതുപോലെ കാലാവസ്ഥ ആപ്പിന് ആവശ്യം വന്നേക്കില്ലെന്ന ബോധ്യം എപ്പോഴും ഉള്ളിലുണ്ടായിരിക്കുക.
*2. ലൊക്കേഷൻ ട്രാക്കിങ്*
ഫോണിലെ ലൊക്കേഷൻ ട്രാക്കിങ് ആപ്പുകൾ നിങ്ങളുടെ നിലവിലെ സ്ഥാനം മാത്രമല്ല ട്രാക്ക് ചെയ്യുക, മറിച്ച് മുൻപ് എവിടെയെല്ലാം നിങ്ങൾ പോയിരുന്നെന്ന കാര്യങ്ങളും അവയ്ക്കറിയാം. ഗൂഗിൾ പറയുന്നത് പ്രകാരം, ആൻഡ്രോയിഡ് ഫോണുകളിലെ ലൊക്കേഷൻ സർവീസുകൾ കാലാവസ്ഥ പ്രവചനങ്ങൾ, തൊട്ടടുത്ത റെസ്റ്റോറന്‍റുകൾ തുടങ്ങിയ നിരന്തരം തിരഞ്ഞുകൊണ്ടേയിരിക്കും. ആപ്പിൾ ഐഒഎസ് ഫോണുകളിലും ഇതിന്‍റെ പ്രവർത്തനം സമാനമായിരിക്കും.
ഇത്തരം സേവനങ്ങൾ ലഭ്യമാകണമെന്നുണ്ടെങ്കിൽ നാവിഗേഷൻ ആപ്പുകൾക്ക് ചില ആക്സസുകൾ നൽകേണ്ടിവരുമെങ്കിലും കണ്ണടച്ച് എല്ലാം അനുവദിച്ചുകൊടുത്തേക്കരുത്. ഏതെങ്കിലും കാരണവശാൽ കയറ്റിവെച്ചിരിക്കുന്നത് വ്യാജ ആപ്പുകളാണെങ്കിൽ നിങ്ങളുടെ വീട്ടുവിലാസം, ഓഫീസ്, മക്കളുടെ സ്കൂളുകൾ തുടങ്ങിയ വിവരങ്ങൾ ചോർന്നുപോകാൻ അതുതന്നെ ധാരാളം. നാവിഗേഷൻ ആപ്പുകൾ വഴിയുള്ള ഈ പ്രതിസന്ധി തടയാൻ, 'പെർമിഷനുകൾ ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രം'(While Using the App) സെറ്റിങ്സിലേക്ക് മാറ്റാം. ഇത് എല്ലായിടത്തുമുള്ള ട്രാക്കിങ്ങ് തടയാൻ സഹായിച്ചേക്കും.
*3. വ്യക്തിഗതമായ പരസ്യങ്ങൾ*
നേരത്തെ സൂചിപ്പിച്ചതുപോലെ, വാങ്ങണമെന്ന് നിങ്ങളാഗ്രഹിക്കുകയും ഒരുതവണ മാത്രം സേർച്ച് ചെയ്യുകയും ചെയ്ത ബൂട്ട്സിന്‍റെ പരസ്യം ഫീഡുകളിൽ വന്നുനിറയുന്നതെങ്ങനെയായിരിക്കും? ഇതിന്‍റെ ഒരു കാരണം, നിങ്ങൾ സന്ദർശിച്ച വെബ്സൈറ്റുകളെക്കുറിച്ചും അവിടെ എത്രനേരം ചിലവഴിച്ചു എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ഗൂഗിൾ അക്കൗണ്ട് വഴി ശേഖരിക്കപ്പെടുന്നുവെന്നതാണ്. ഇതുവഴിയാണ് നിങ്ങളൊരിക്കൽ മാത്രം തിരഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പരസ്യങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്നത്.
ഈ പരസ്യങ്ങളെ പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും, അലോസരപ്പെടുത്തുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ഏതെല്ലാം വിവരങ്ങളാണ് നിങ്ങൾ തേർഡ് പാർട്ടികൾക്ക് നൽകിയതെന്നും അവയെ എങ്ങനെയാണ് ഈ ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചും കൃത്യമായ ധാരണയോടെ നീങ്ങുകയാണെങ്കിൽ നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായേക്കാം. ആപ്പുകൾക്ക് നൽകുന്ന പെർമിഷനുകളെല്ലാം യഥാർത്ഥത്തിൽ അവയ്ക്ക് ആവശ്യമുണ്ടോയെന്ന ധാരണയോടെ മാത്രം സെറ്റിങ്സിൽ മാറ്റം വരുത്തുക.
0 Comments