സ്ത്രീകൾക്ക് സൗജന്യ യാത്ര വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് കെഎസ്ആര്‍ടിസി ബസുകളിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുൻ ബിഗ്ഗ്‌ബോസ് താരവുമായ അഖിൽ മാരാർ രംഗത്ത്. കെഎസ്ആർടിസി ബസുകളിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തുകൊണ്ട് മഹിളാ മോര്‍ച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് എതിരെയാണ് അഖിൽ മാരാർ പ്രതികരിച്ചത്. യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന വാഗ്‍ദാനം നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധയിടങ്ങളിലായി കെഎസ്ആർടിസി ബസുകളിൽ ഇന്നലെ ആണ് പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെയാണ് അഖിൽ മാരാർ വിമർശനമുന്നയിച്ചത്. പ്രതിഷേധ പരിപാടി സംഘടിപ്പിച്ച മഹിളാ മോര്‍ച്ചയുടെ പേര് പരാമർശിക്കാതെയും കെഎസ്ആര്‍ടിസി ബസുകളിലെ പ്രതിപക്ഷം എന്ന് വ്യക്തമായി പറയാതെയുമാണ് അഖിൽ മാരാരുടെ പ്രതികരണം. സമൂഹ മാധ്യമക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.
അഖില്‍ മാരാരുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…
സമരം എന്നത് കേവലം ഷോ ആയി മാറിയാൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും സമൂഹത്തിൽ വിഡ്ഢികൾ ആയി മാറും…
കേരളത്തിൽ പുതുതായി അധികാരത്തിൽ എത്തിയ സർക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും പ്രതിപക്ഷം ആദ്യം നൽകണം..
ജനങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കാനും മുൻ സർക്കാരുകൾ തീറ്റി പോറ്റിയ ഉദ്യോഗസ്ഥരിൽ ജനകീയ തീരുമാനങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ കണ്ടെത്താനും മറ്റും മാന്യമായ സമയം നൽകുക..
ഈ സർക്കാർ ഞങ്ങളെ ചതിക്കുക ആണെന്ന് ജനങ്ങൾ പറയുമ്പോൾ അവർക്ക് വേണ്ടി ശബ്ധിക്കുന്നതാണ് ജനകീയ സമരം…
അല്ലാതെ കാവൽ മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ മന്ത്രി സഭ രൂപീകരണം പോലും നടക്കാതെ ഈ കാണിക്കുന്ന കോപ്രായങ്ങൾക്ക് സമരം എന്ന് പറഞ്ഞു സമരങ്ങളുടെ വില കളയാതിരിക്കുക..
ഭരണ പക്ഷത്തേക്കാൾ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട പ്രതിപക്ഷം കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണം എന്നാഗ്രഹിച്ചു പോകുന്നു..
ഇതേ അഭിപ്രായം തന്നെയാണ് യുദ്ധം മൂലം ലോകത്തു ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ തിരിച്ചറിയാതെ കേന്ദ്രം എടുക്കുന്ന നടപടികളെ എതിർക്കുന്നവരും ചെയ്യുന്നത്… നരേന്ദ്ര മോദിജിയുടെ ഭരണം സൃഷ്ട്ടിച്ച പ്രതിസന്ധി അല്ല മറിച്ചു നമുക്ക് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധികൾ ആണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നു തിരിച്ചറിയാൻ ഉള്ള ബോധവും വേണം..
പൊതു മധ്യത്തിൽ ഇറങ്ങിയുള്ള അനാവശ്യ സമരങ്ങൾ ജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു….
0 Comments