LATEST

6/recent/ticker-posts

Header Ads Widget

മാസപ്പിറ ദൃശ്യമായില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിൽ നാളെ തീരുമാനിക്കും


അബുദാബി: ഒമാൻ ഒഴികെയുള്ള ഇതര ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ മുപ്പത് നോമ്പും പൂർത്തിയാക്കിയാണ് ഈദുൽ ഫിത്തറിലേക്ക് കടക്കുന്നത്.

മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും എവിടെയും ശവ്വാൽ പിറവി കണ്ടില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അതേസമയം, ഒമാനിലെ ചെറിയപെരുന്നാൾ ആഘോഷം നാളെ (വ്യാഴം) തീരുമാനിക്കും. ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്ന പ്രത്യേക സമിതി നാളെ യോഗം ചേരുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ മഅ്മരി യുടെ അധ്യക്ഷതയിൽ മസ്കറ്റിലാണ് യോഗം ചേരുക.

മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ ഒരു ദിവസം വൈകിയാണ് ഒമാനിൽ റംസാൻ വ്രതം തുടങ്ങിയത്. വ്യാഴാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ റംസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയാണ് ഒമാനിൽ ചെറിയപെരുന്നാൾ ആഘോഷിക്കുക.

യുഎഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്‌കാരത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമാക്കിയത്. ഈദ് ഗാഹുകൾ വേണ്ടെന്ന് യുഎഇ, ഖത്തർ മതകാര്യമന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രം മതിയെന്ന് സൗദി അറേബ്യയും അറിയിച്ചു. ബുധാനഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Post a Comment

0 Comments