LATEST

6/recent/ticker-posts

Header Ads Widget

സന്തോഷ്‌ ട്രോഫി ഫൈനലില്‍ കേരളത്തിന് വീണ്ടും കണ്ണീര്‍; സര്‍വീസസിന് കീരീടം;വിജയ ഗോള്‍ എക്സ്ട്രാ ടൈമില്‍



_ആസമിലെ ധകുവാഖാന ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സർവീസസ് കിരീടമുയർത്തി._

_നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാവാത്തതിനെത്തുടർന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ അഭിഷേക് പവാറാണ് സർവീസസിനായി വിജയഗോള്‍ നേടിയത്(109 മിനിറ്റില്‍). ശുഭം റാണ നല്‍കിയ ക്രോസ് മനോഹരമായ ഒരു സൈഡ് വോളിയിലൂടെ വലയിലെത്തിച്ച പവാർ ടൂർണമെന്റിലെ തന്റെ ഏഴാം ഗോളാണ് ഫൈനലില്‍ കുറിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിനെതിരെ നടന്ന മത്സരത്തിലും പവാറായിരുന്നു സർവീസസിന്റെ വിജയഗോള്‍ നേടിയത്._

_വിജയത്തോടെ സർവീസസ് എട്ടാം തവണ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു. അതേസമയം ഏഴുതവണ ചാമ്പ്യന്മാരായ കേരളത്തിന് ഇത് തുടർച്ചയായ രണ്ടാം ഫൈനല്‍ തോല്‍വിയാണ്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ പശ്ചിമ ബംഗാളിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം പരാജയപ്പെട്ടിരുന്നു. ഫൈനലില്‍ കേരളം തോല്‍ക്കുന്നത് ഇത് ഒമ്പതാം തവണയാണ്._

_കളംനിറഞ്ഞു കളിച്ചിട്ടും കേരളത്തിന് എക്സ്ട്രാ ടൈമില്‍ പിഴയ്ക്കുകയായിരുന്നു._ _പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളം തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ അവസരങ്ങള്‍ ഗോളാക്കിമാറ്റാൻ കേരളത്തിന് സാധിച്ചില്ല. വി. അർജുൻ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് പോസ്റ്റിലിടിച്ച്‌ തെറിച്ചതും, ഷിജിന് ലഭിച്ച സുവർണ്ണാവസരം ലക്ഷ്യം കാണാതെ പോയതും കേരളത്തെ പ്രതിരോധത്തിലാക്കി. സെമി ഫൈനലിലെ ഹീറോ എം. വിഘ്നേഷിനെ ബെഞ്ചിലിരുത്തി ടി. ഷിജിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി ഒരു പരീക്ഷണവുമായാണ് പരിശീലകൻ ഷഫീഖ് ഹസൻ ടീമിനെ ഇറക്കിയത്._

_രണ്ടാം പകുതിയില്‍ കേരളം ആക്രമണം ശക്തമാക്കിയെങ്കിലും പ്രതിരോധക്കോട്ട കെട്ടിയ സർവീസസിനെ മറികടക്കാൻ മലയാളി താരങ്ങള്‍ക്ക് കഴിഞ്ഞില്ല. സർവീസസ് ഗോള്‍കീപ്പർ ഗഗൻദീപിന്റെ തകർപ്പൻ സേവുകളും കേരളത്തിന് വിനയായി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തെ നേരിട്ടപ്പോഴും അഭിഷേക് പവാറാണ് സർവീസസിനായി വിജയഗോള്‍ നേടിയത്. 109-ാം മിനിറ്റില്‍ ലഭിച്ച അവസരം മുതലാക്കി പവാർ സർവീസസിന്റെ കിരീടം ഉറപ്പിച്ചു. ഗോള്‍ വഴങ്ങിയ ശേഷം സമനിലയ്ക്കായി കേരളം സർവശക്തിയും ഉപയോഗിച്ച്‌ പോരാടിയെങ്കിലും സർവീസസ് പ്രതിരോധം തീർക്കുകയായിരുന്നു.

Post a Comment

0 Comments