ഒരിക്കല്‍ വ്യാപാരി ഒരു യാചകനെ കണ്ടപ്പോള്‍ അയാളോട് ചോദിച്ചു: നിങ്ങള്‍ ആരോഗ്യവാനാണല്ലോ? നിങ്ങള്‍ക്ക് എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചുകൂടെ. അയാള്‍ പറഞ്ഞു: എനിക്ക് മാസങ്ങളായി ജോലിയില്ല. നിങ്ങളെനിക്ക് ജോലി തരുമോ? വ്യാപാരി തന്റെ അരിക്കച്ചവടത്തില്‍ അയാളെ പങ്കാളിയാക്കി. എണ്‍പതുശതമാനം ലാഭവിഹിതം യാചകന് നല്‍കാമെന്നും പറഞ്ഞു. അയാള്‍ക്ക് സന്തോഷമായി. അയാള്‍ നന്നായി ജോലി ചെയ്തു. ആ മാസം നല്ല വരുമാനമുണ്ടാക്കാനായി. തന്റെ ലാഭവിഹിതം വാങ്ങാന്‍ വ്യാപാരിഎത്തിയപ്പോള്‍ അയാള്‍ പറഞ്ഞു: ഈ മാസം ബിസിനസ്സ് നഷ്ടത്തിലായിരുന്നു. കുറച്ചുപേരുടെ കയ്യില്‍ നിന്നും കടം വാങ്ങേണ്ടിയും വന്നു. വ്യാപാരി ഒന്നും വാങ്ങാതെ തിരിച്ചുപോയി. അപ്രതീക്ഷിതമായി കിട്ടിയ വരുമാനവുമായി അയാള്‍ അവിടംവിട്ടു. മാസങ്ങള്‍ക്ക് ശേഷം ധനികന്റെ മുന്നില്‍ ഭിക്ഷാപാത്രവുമായി ഒരാള്‍ എത്തി. പഴയ യാചകന്‍ തന്നെ. നമ്മുടെ മനോഭാവം രൂപാന്തരം പ്രാപിക്കുന്നതാണ് നമ്മുടെ പ്രവൃത്തികള്‍,. ചിന്തകള്‍ക്കപ്പുറത്തേക്ക് വളരാനോ, കാഴ്ചപ്പാടുകള്‍ക്കുവിരുദ്ധമായി പെരുമാറാനോ ആര്‍ക്കും സാധിക്കില്ല. തനിക്കൊന്നുമാകില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക്, അധ്വാനമില്ലാതെ അന്നംകഴിക്കുന്നതാണ് ഇഷ്ടം. എവിടെയും അവര്‍ ഇത്തിള്‍ക്കണ്ണികളായിരിക്കും. അവര്‍ക്ക് സ്ഥിരമായ പദ്ധതികളോ, ദീര്‍ഘവീക്ഷണമോ ഉണ്ടാകില്ല. എന്നാല്‍ തനിക്കെന്തെങ്കിലുമാകണം എന്ന് ചിന്തിക്കുന്നവര്‍ വിശ്വസിക്കുന്നത് സ്വന്തം കര്‍മ്മശേഷിയിലാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളുടേയും ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റെടുക്കും. ഏത് പ്രതിസന്ധിയിലും അവര്‍ ബദല്‍മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. പരിശ്രമത്തിനോടും പരിമിതികളോടുമുള്ള മനോഭാവമാണ് ഓരോരുത്തരുടേയും ജീവിതവിജയം തീരുമാനിക്കുന്നത് - ശുഭദിനം
0 Comments