വിശ്വപ്രസിദ്ധ ചിത്രകാരനായിരുന്ന ലിയണോർഡോ ഡാവിഞ്ചിയുടെ ഗുരുനാഥൻ ഒരിക്കൽ അസുഖം ബാധിച്ചു കിടപ്പായി. ഡാവിഞ്ചി ഒരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. ആ ചിത്രം പൂർത്തിയാക്കാൻ ഗുരു ഡാവിഞ്ചിയോട് നിർദേശിച്ചെങ്കിലും ഗുരുവിന്റെ അവസ്ഥ കണ്ട ആ ശിഷ്യൻ മടിച്ചു. വീണ്ടും വീണ്ടും ഗുരു നിർബന്ധിച്ചതുകൊണ്ട് അദ്ദേഹം ആ ചിത്രം പൂർത്തിയാക്കാമെന്നു സമ്മതിച്ചു.
യുവാവായ ലിയണോർഡോ ഡാവിഞ്ചി വരച്ചു പൂർത്തിയാക്കിയ ചിത്രം കണ്ട് ഗുരു വിസ്മയിച്ചു. അത്യന്തം മനോഹരമായ ആ ചിത്രം ആസ്വദിച്ച് അദ്ദേഹം ശിഷ്യനെ അഭിനന്ദിച്ചു. എന്നു മാത്രമല്ല, പിന്നീടൊരിക്കലും ഗുരു ചിത്രം വരച്ചതെ ഇല്ല. തന്റെ ശിഷ്യർ നേടുന്ന ശ്രേയസ് തനിക്കെന്നും അഭിമാനമായിരിക്കും
എന്നാണ് അദ്ദേഹം പറഞ്ഞത്.
ഹൃദയനൈർമല്യമുള്ളവർക്കേ അന്യരുടെ നന്മ കണ്ടെത്താനും അഭിനന്ദിക്കാനും കഴിയൂ. പകരം അസൂയയും പകയുമാണു നമ്മിലുള്ളതെങ്കിൽ ഒരു നന്മയും നാം മറ്റുള്ളവരിൽ കാണുകയില്ല. അഥവാ കണ്ടാലും അംഗീകരിക്കാനോ പ്രശംസിക്കാനോ സന്നദ്ധമാവുകയില്ല.
താൻ മറ്റുള്ളവരുടെ നന്മ ദർശിക്കുകയും അംഗീകരിക്കുകയും ചെയ്താൽ തന്റെ നന്മയും ഔന്നത്യവും വൈശിഷ്ട്യവും ആരും കാണാതെയും അംഗീകരിക്കാതെയും പോകുമെന്ന ഭയമാണ് പലർക്കുമുള്ളത്. അവരുടെയുള്ളിൽ സ്വാർഥതയും അഹന്തയും വലിയ സ്വാധീനശക്തിയായി വ്യാപരിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ മറ്റുള്ളവരെ തരംതാഴ്ത്തിക്കാണിക്കാൻ അവർ ഉത്സാഹം കാണിക്കുന്നു. തിന്മ വിതച്ചാൽ തിന്മ തന്നെ കൊയ്യുമെന്ന് അവർ ഓർക്കുന്നില്ല., നന്മ വിതച്ചാൽ നന്മയും.
നിസ്വാർത്ഥ സ്നേഹം ഒരു വലിയ വരദാനമാണ്. ഒരാളെ നിങ്ങൾ യഥാർഥത്തിൽ സ്നേഹിക്കുന്നപക്ഷം എന്തു വിലകൊടുത്തും അയാളോടു നിങ്ങൾ വിശ്വസ്തത പുലർത്തും. അയാളെ എപ്പോഴും വിശ്വസിക്കുകയും അയാളെപ്പറ്റി ഏറ്റവും ഉന്നതമായതു പ്രതീക്ഷിക്കുകയും അയാളെ സഹായിക്കാൻവേണ്ടി എന്തും സഹിക്കുകയും ചെയ്യും. സ്നേഹം നിസ്വാർത്ഥ മാകട്ടെ. ശുഭദിനം
0 Comments