കാവനൂർ: കാവനൂർ വട്ടപറമ്പ് കൂട്ടായ്മയുടെ ജീവകാരുണ്യ പദ്ധതിയായ 'കൈത്താങ്ങി'ലൂടെ പ്രദേശവാസികൾ സമാഹരിച്ച ധനസഹായം സ്പർശം പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. 2026 ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 8 മണിക്ക് നടന്ന ചടങ്ങിൽ വെച്ചാണ് സ്നേഹസമ്മാനമായ 20,750 രൂപ കൈമാറിയത്.
കൂട്ടായ്മയുടെ പ്രസിഡന്റ് വി.പി. ദിപീഷ്, സെക്രട്ടറി യു.പി. ഭാസി മാസ്റ്റർ, ട്രഷറർ അക്ബർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 4-ാം വാർഡ് മെമ്പർ എ.കെ. ചന്ദ്രശേഖരൻ, 23-ാം വാർഡ് മെമ്പറും നാട്ടുകാരനുമായ പി. മനോജ്, മറ്റ് ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്പർശം പാലിയേറ്റീവ് ഭാരവാഹികൾ തുക ഏറ്റുവാങ്ങി.
ഒരു പ്രദേശത്തെ മുഴുവൻ ആളുകളുടെയും സഹകരണത്തോടെ സ്വരൂപിച്ച ഈ തുക കാവനൂരിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വലിയൊരു ആശ്വാസമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുമായി സഹകരിച്ച വട്ടപറമ്പ് കൂട്ടായ്മയിലെ എല്ലാ പ്രവർത്തകർക്കും നാട്ടുകാർക്കും സ്പർശം പാലിയേറ്റീവ് ഭാരവാഹികൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
മാതൃകാപരമായ ഈ കൈത്താങ്ങ് വട്ടപറമ്പ് പ്രദേശത്തിന്റെ കൂട്ടായ്മയുടെയും നന്മയുടെയും അടയാളമായി മാറി.
0 Comments