കോടതിയില്‍ അന്ന് വാദിയുടെ പക്ഷം കേട്ടതിന് ശേഷം ജഡ്ജി പറഞ്ഞു: നിങ്ങളുടെ ഭാഗം ശരിയാണ്. പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ച പ്രതിയോടും, നിങ്ങളുടെ ഭാഗം ശരിയാണെന്ന് ജഡ്ജി പറഞ്ഞു. അന്ന് കോടതിമുറിയില്‍ ഉണ്ടായിരുന്ന ജഡ്ജിയുടെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ ജഡ്ജിയോട് ചോദിച്ചു: നിങ്ങള്‍ വാദിയോടും പ്രതിയോടും പറഞ്ഞത് നിങ്ങളുടെ ഭാഗം ശരിയാണ് എന്നായിരുന്നു. എങ്ങിനെയാണ് ഒരേ സമയം രണ്ടുപേരും ശരിയാകുന്നത്? അപ്പോള്‍ ജഡ്ജി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഇപ്പോള്‍ നീ പറയുന്നതും ശരിയാണ്.. എല്ലാം പൂര്‍ണ്ണമായി ശരിയാകണമെന്നോ, എല്ലാം പൂര്‍ണ്ണമായി തെറ്റാകണമെന്നോ ഇല്ല. കണക്കിന്റെ സമവാക്യങ്ങളില്‍ മാത്രമാകും ഒരു ശരിയുളളത്. ഒരു ശരിയുളളതുകൊണ്ട് മറ്റെല്ലാം തെറ്റാകണമെന്ന് ഒരു നിയമവുമില്ല. എല്ലാവശങ്ങള്‍ക്കും മറുവശമുണ്ടാകും, എല്ലാ വാദങ്ങള്‍ക്കും മറുവാക്യങ്ങളുമുണ്ടാകും. ഏതാണ് ശരിയെന്ന് മനസ്സിലാക്കണമെങ്കില്‍ പലസ്ഥലത്തുനിന്നും നോക്കണം. അവനവന്റെ സ്ഥലത്തും ദിശയിലുമുളള കാഴ്ചകള്‍കണ്ട് അവമാത്രം ശരിയെന്നുളള ചിന്തതന്നെ ശരിയല്ല. അഭിപ്രായങ്ങള്‍ രണ്ടിടത്തുമുണ്ടെങ്കില്‍ രണ്ടിടത്തും ന്യായമുണ്ടാകാം..അവ നാലുവശങ്ങളില്‍ നിന്നും വരുന്നുണ്ടെങ്കില്‍ അവിടെയെല്ലാം ശരിയുടെ സാധ്യകളുമുണ്ട്. എന്തിനെയും വിധിക്കുന്നതിന് മുമ്പ് എല്ലാ വശങ്ങളില്‍ നിന്നും അതിനെ സമീപിക്കുക എന്നതാണ് മുഖ്യം. നമുക്ക് ശരിയുടെ പക്ഷം കണ്ടെത്താം - ശുഭദിനം
0 Comments