പല പഞ്ചായത്തുകളിലും ICDS സൂപ്പർവൈസർമാരെ മുഴുവൻ സമയവും BLO (Booth Level Officer) ജോലികളിൽ നിയോഗിച്ചിരിക്കുന്നതിന്റെ ഫലമായി, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും മറ്റ് ഭിന്നശേഷിക്കാർക്കും ലഭിക്കേണ്ട സ്കോളർഷിപ്പ് തുകകൾ സമയബന്ധിതമായി വിതരണം ചെയ്യാൻ കഴിയാത്ത ഗുരുതര സാഹചര്യം നിലവിലുണ്ടെന്ന് വോയിസ് ഓഫ് ഡിഫ്രെൻ്റ്ലിഏബിൾഡ് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.
തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ ആശുപത്രി ചികിത്സ, ഫിസിയോ, സ്പീച്ച്, ഓക്ക്യുപേഷണൽ തെറാപ്പി, മരുന്ന്, യാത്രച്ചെലവ് എന്നിവയ്ക്കായി പല രക്ഷിതാക്കളും ഈ സ്കോളർഷിപ്പ് തുകയെയാണ് ആശ്രയിക്കുന്നത്. തുകകൾ വൈകുന്നത് കുട്ടികളുടെ ചികിത്സ തന്നെ മുടങ്ങുന്ന അവസ്ഥയിലേക്ക് നയിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം, BLO ഡ്യൂട്ടിയും ICDS സംബന്ധമായ ഉത്തരവാദിത്വങ്ങളും ഒരേസമയം നിർവഹിക്കേണ്ടിവരുന്നതിലൂടെ സൂപ്പർവൈസർമാർ കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും നേരിടുന്ന സാഹചര്യമാണുള്ളത്. ഇത് വ്യക്തിഗത പരാജയമല്ല, മറിച്ച് ഭരണപരമായ സംവിധാനങ്ങളിലെ ഏകോപനക്കുറവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
ഈ സാഹചര്യത്തിൽ, സ്കോളർഷിപ്പ് സംബന്ധമായ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ ICDS സൂപ്പർവൈസർമാരെ BLO ജോലികളിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കുകയോ, അല്ലെങ്കിൽ BLO ചുമതലകൾ നിർവഹിക്കാൻ പകരം സംവിധാനം അല്ലെങ്കിൽ പ്രത്യേക സ്റ്റാഫിനെ നിയോഗിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് വോയിസ് ഓഫ് ഡിഫ്രെൻ്റ്ലിഏബിൾഡ് ആവശ്യപ്പെട്ടു. ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പ് വിതരണം അത്യാവശ്യ സാമൂഹിക സേവനമായി പരിഗണിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള വ്യക്തമായ സർക്കാർ നിർദ്ദേശവും ഉണ്ടാകണം എന്നും സംഘടന അഭിപ്രായപ്പെട്ടു.
ഭിന്നശേഷി കുട്ടികളുടെ അവകാശത്തോടും അവരുടെ ജീവൻ രക്ഷിക്കുന്ന ചികിത്സയോടും നേരിട്ട് ബന്ധപ്പെട്ട ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വ്യക്തമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ സെക്രട്ടറി ഫൈസൽ ബാബു കാവനൂർ അറിയിച്ചു
0 Comments