LATEST

6/recent/ticker-posts

Header Ads Widget

സർക്കാർ അറിയിപ്പുകൾ

റെയില്‍വേ ഗേറ്റ് അടച്ചിടും

വാണിയമ്പലം- നിലമ്പൂര്‍ റെയില്‍പാതയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വണ്ടൂര്‍- കാളികാവ് റോഡിലെ റെയില്‍വേ ഗേറ്റ് ജനുവരി ആറിന് ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് അഞ്ചുവരെ അടച്ചിടുമെന്ന് അങ്ങാടിപ്പുറം സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വാണിയമ്പലം-വെള്ളാമ്പ്രം-നടുവത്ത്-വണ്ടൂര്‍ വഴി പോകണം. 

റെയില്‍വേ ഗേറ്റ് അടച്ചിടും

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മേലാറ്റൂര്‍- പാണ്ടിക്കാട് റോഡിലെ മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് ജനുവരി ആറിന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ റെയില്‍വേ ഗേറ്റ് അടച്ചിടുമെന്ന് അങ്ങാടിപ്പുറം സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മേലാറ്റൂര്‍-പട്ടിക്കാട്-പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍-ഇരിങ്ങാട്ടിരി-തുവ്വൂര്‍-പാണ്ടിക്കാട് വഴിയും പോകണം.

സമൃദ്ധി കേരളം'-ടോപ്പ് അപ്പ് ലോണ്‍: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന 'സമൃദ്ധി കേരളം'-ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ്സ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോണ്‍/വര്‍ക്കിങ് ക്യാപിറ്റല്‍ ലോണ്‍ ആയി ലഭിക്കും.

ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശനിരക്കിലോ അല്ലെങ്കില്‍ 20 ശതമാനം വരെ ഫ്രന്റ് എന്‍ഡഡ് സബ്‌സിഡി രൂപത്തിലോ (പരമാവധി രണ്ട് ലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തിരഞ്ഞെടുക്കാം. സംരംഭത്തിന്റെ ആദ്യത്തെ രണ്ടു വര്‍ഷം മെന്ററിങ് സപ്പോര്‍ട്ട് നല്‍കും. പദ്ധതിയില്‍ വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്റെ മലപ്പുറം കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍- 9400068510, 0483-273149

ഗതാഗതം നിരോധിച്ചു

പി.എച്ച്. സെന്റര്‍ മുക്കിലപ്പീടിക റോഡില്‍ പെരശ്ശന്നൂര്‍ മുതല്‍ മുക്കിലപ്പീടിക വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.

തുല്യതാ പ്രവേശനോത്സവം സംഘടിപ്പിച്ചു

മലപ്പുറം മുന്‍സിപ്പല്‍ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ തുല്യതാ പ്രവേശനോത്സവം സംഘടിപ്പിച്ചു. കോട്ടപ്പടി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ റഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജിതേഷ് ജി അനില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ കെ. യമുന, സബ്ന അവൂഞ്ഞിപ്പുറത്ത്, മുന്‍ കൗണ്‍സിലര്‍ അബ്ദുള്‍ ഹക്കീം, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസത്പ്രസാദ്, നഗരസഭ സെക്രട്ടറി കെ. സുധീര്‍, 
ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ് സ്റ്റാഫ് കെ. മൊയ്തീന്‍ കുട്ടി, അധ്യാപകരായ ജെയിംസ് മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ പി. അജിതകുമാരി, വി. ഹേമലത, ഐ.സി. സലീന, പ്രേരക് കെ. റസീന, ക്ലാസ് ലീഡര്‍മാരായ പി.വി. ഹിദായത്തുള്ള, സി. ഫിറോസ്, അമീര്‍ഖാന്‍, തന്‍സീലുറഹ്‌മാന്‍, മര്‍വഫാരിഷ്, എന്‍.കെ. ഹസീന, പത്താംതരം,ഹയര്‍സെക്കണ്ടറി തുല്യതാ പഠിതാക്കളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.

അഡ്വക്കേറ്റ് നിയമനം

പെരിന്തല്‍മണ്ണ മുന്‍സിഫ് കോര്‍ട്ടിലെ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വര്‍ക്‌സ് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസില്‍ താഴെയുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. 
താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും (പേരും വിലാസവും, വയസും ജനന തീയതിയും, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, യോഗ്യത, പ്രാക്ടീസ് ചെയ്ത വര്‍ഷങ്ങളുടെ എണ്ണം, എന്‍ റോള്‍മെന്റ് നമ്പര്‍, തീയതി എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം), യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ജനുവരി 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 0483 2739584

റോഡുകള്‍ മരണക്കെണിയാകരുത്; നിയമം പാലിക്കുന്നത് ശീലമാക്കണം: ടി.വി. ഇബ്രാഹിം എം.എല്‍.എ.

നിയമങ്ങള്‍ പാലിക്കുന്നത് ഉദ്യോഗസ്ഥരെയോ എ.ഐ. ക്യാമറകളെയോ ഭയന്നാകരുതെന്നും, അത് സ്വന്തം സുരക്ഷയ്ക്കാണെന്ന ബോധ്യം എല്ലാവരിലുമുണ്ടാകണമെന്നും ടി.വി. ഇബ്രാഹിം എം.എല്‍.എ. കൊണ്ടോട്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ ചെറുക്കുന്നതിനായി ഡ്രൈവര്‍മാരിലും പൊതുജനങ്ങളിലും ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി ദേശീയ റോഡ് സുരക്ഷാ മാസാമായി ആചരിക്കുന്നത്.
'നമ്മുടെ ജീവന്‍ സംരക്ഷിക്കുന്നതുപോലെ തന്നെ മറ്റുള്ളവരുടെ ജീവനും വിലമതിപ്പുള്ളതാണെന്ന് നാം ഓര്‍ക്കണം. പലപ്പോഴും നിയമലംഘനങ്ങളാണ് റോഡുകളിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വികസനത്തിന്റെ അടയാളങ്ങളായ അതിവേഗ പാതകള്‍ ഒരിക്കലും മനുഷ്യജീവന്‍ പൊലിയുന്ന ഇടങ്ങളായി മാറാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു

കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി മുഖ്യാതിഥിയായി. കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ യു.കെ. മമ്മദീശ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ് റോഡ് സുരക്ഷാ സന്ദേശം നല്‍കി. എ.എം.വി.ഐ. എ.കെ മുസ്തഫ ബോധവത്കരണ ക്ലാസ് എടുത്തു. ജോയിന്റ് ആര്‍.ടി.ഒ എ.പി. മിനി, എ.എം. വി.ഐ. കെ.സി. സൗരഭ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

0 Comments