LATEST

6/recent/ticker-posts

Header Ads Widget

'സർക്കസും പോരാട്ടവും' - ഭാഗം രണ്ട്

'സർക്കസും പോരാട്ടവും'
ഏറനാടൻ എം എ റഹ്‌മാൻ ജീവിതമെഴുതുന്നു
2
പാതിമയക്കത്തിൽ കണ്ണ് തുറന്നു നോക്കിയപ്പോൾ ഉമ്മ ഇരിക്കുന്ന ഭാഗത്തെ വിളക്ക് അണഞ്ഞിട്ടുണ്ട്. ഇപ്പൊ പുറത്തെ കാറ്റിനും ചെറിയൊരു ശമനമുണ്ട്. അല്ലേലും പ്രകാശം പരത്തുമ്പോഴാണല്ലോ വിളക്കണക്കാൻ കാറ്റും ധൃതി വെക്കുകയുള്ളു. മഴയുടെ ശക്തി കുറഞ്ഞു നേർത്ത ചാറ്റലായി പുറത്തെവിടെയോ ഇപ്പോഴും മഴ കുസൃതി കാണിക്കുന്നുണ്ട്. ഞാൻ വീണ്ടും കണ്ണുകളടച്ചു.

പിന്നെയെപ്പൊഴോ കണ്ണ് തുറന്നു. അപ്പോഴറിഞ്ഞു, വെറും നിലത്തു വിരിച്ച പായയിൽ വെള്ളം നനഞ്ഞിട്ടുണ്ട്. മുകളിലെ അല്പം പൊട്ടിയ ഓടിൽ നിന്നും തുള്ളി തുള്ളിയായി മഴ ഇറ്റി വീണതാവാം. കുറെയേറെ തുള്ളികൾ പെയ്തുവരുമ്പോൾ അവ കുടം കണക്കിന് വെള്ളമാവുമല്ലോ!

ഓഹ്! അല്ല, പായയിൽ പരന്ന വെള്ളത്തിനു നേരിയ ദുർഗന്ധമുണ്ട്. ഒന്നെങ്കിൽ ഞാനോ അല്ലേൽ സഹോദരനോ പായയിൽ മൂത്രമൊഴിച്ചതാണ്. മഴയുടെ തണുപ്പിൽ മൂത്രത്തിന്റെ ഇളം ചൂട് കലർന്നിരിക്കുന്നു. മൂത്രമൊഴിച്ചത് ഞാനാണെങ്കിൽ രാവിലെ തന്നെ അരയുടെ കീപ്പോട്ട് കഴുകിയാൽ മതിയെന്ന ആനുകൂല്യം ഇത്തവണ കിട്ടാൻ സാധ്യതയില്ല. പണിയൊപ്പിച്ചത് ഏട്ടനാണ്. എന്റെ പള്ള ഭാഗത്തു നിന്നും ഏട്ടന്റെ കാലു മെല്ലെ എടുത്തുമാറ്റി എവിടെയോ ഊരിത്തെറിച്ചു പോയ കള്ളിത്തുണി തപ്പിയെടുത്തു ഞാൻ മെല്ലെ എണീറ്റു. തടിക്കഷ്ണങ്ങൾക്കുമേൽ അതിദുർബലമായി പത്ര കടലാസു കൊണ്ടടച്ച ജനവാതിലിലൂടെ സൂര്യപ്രകാശം മെല്ലെ എത്തി നോക്കുന്നുണ്ട്. നേരം വെളുത്തു തുടങ്ങിയിട്ടേയുള്ളൂ. ജീവിതത്തിന്റെ തലവര മാറാൻ പോകുന്ന ദിനമാണെന്ന ഓർമയിൽ ഞാൻ മെല്ലെ എണീറ്റു. എല്ലാവരും ഇപ്പോൾ ഉറക്കത്തിലാവും. ഉമ്മ ഉണർന്നു കാണുമോ?

രണ്ടു റൂമുകളിലൊന്നിൽ പഴയൊരു മഞ്ചയുണ്ട്. ആ മെഞ്ചയിൽ ഉമ്മയും ചെറിയ അനുജത്തിയുമാണ് കിടക്കാറുള്ളത്. അവിടെ അനുജത്തി മാത്രമേയുള്ളു ഇപ്പൊ. അതിനർത്ഥം ഉമ്മ ഇതിനകം എണീറ്റിട്ടുണ്ട്. ശരീരത്തിൽ നിന്നും ആത്മാവിലേക്ക് പടർന്നു കയറുന്ന മൂത്രത്തിന്റെ ഇത്തിരി തണുപ്പുമായി അടുത്ത റൂമിലേക്ക് പോയി നോക്കി. വിചാരിച്ചതു പോലെ തന്നെ. അരികറ്റം പിഞ്ഞിപ്പോയ ഒരു കൈതോലപ്പായയിൽ ഇരുന്നു ഉമ്മ പ്രാർത്ഥിക്കുകയാണ്, നമസ്കാരം കഴിഞ്ഞിട്ടുണ്ട്. ഇരുകൈകളും കൂട്ടിപ്പിടിച്ചു ഏഴാകാശങ്ങളുടെയും ഉടമയോട് ഉമ്മ എന്തൊന്തൊക്കെയായിരിക്കും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത്? സങ്കടങ്ങളൊക്കെ പടച്ചോനോട് പറയുമ്പോ ലഭിക്കുന്ന ഒരാനന്ദം ആ കണ്ണുകളിലുണ്ട്. ആവലാതികളും പരാതികളും പിന്നെ ഏറെ സന്തോഷങ്ങളും എണ്ണിപറഞ്ഞു പ്രാർത്ഥന മുന്നേറുമ്പോ ഞാൻ മുരടനനക്കി. കൈകൾ രണ്ടും മുഖത്തു തടവി ഉമ്മ എന്നെ നോക്കി.

'ഓഹ്! നീ എണീറ്റോ മോനെ?'
'മേല് മുഴുവൻ മൂത്രമായിട്ടുണ്ട്'
'അത് മഴ പെയ്തത് കൊണ്ടാവും, മഴ പെയ്യുമ്പോ കുട്ടികൾ അറിയാതെ പായയിൽ പാത്തും'
നീ വേഗം പോയി കുളിച്ചു വാ, ഞാൻ ചായ ഉണ്ടാക്കാം, മുജിയെയും വിളിച്ചോ. അവനും ഇന്ന് പോകേണ്ടതല്ലേ?

നല്ല തണുപ്പുണ്ട്. എന്നാലും കുളിച്ചെ തീരൂ. നരച്ചു തുടങ്ങിയ എന്റെ മുണ്ടെടുത്തു ഞാൻ അടുക്കള ഭാഗത്തെ മുറ്റത്തേക്കിറങ്ങി. ഭാഗ്യം! വെള്ളം, മുക്കണ്ട, ഇന്നലെ പെയ്ത മഴയിൽ ഡ്രമ്മിൽ വെള്ളം മുഴുവനായി നിറഞ്ഞിട്ടുണ്ട്. സോപ്പിനു പകരമായി ഒരു ചെറിയ  കരിങ്കല്ലിൽ എടുത്തു വെച്ച സാബൂനെടുത്തു കുളി തുടങ്ങി. മുറ്റത്തെ അരണി മരത്തിൽ നിന്നും ഇപ്രാവശ്യം കുറെയേറെ പൂക്കൾ നിലത്തു വീണിട്ടുണ്ട്, അവയുടെ ഹൃദ്യമായ സുഗന്ധം മെല്ലെ ഒഴുകിപ്പരക്കുന്നുണ്ട്.

അടുക്കളയുടെ ഇടത് ഭാഗത്ത് വെച്ച കോഴിക്കോടിൽ നിന്നും കോഴികൾ കലപില ശബ്ദമുണ്ടാക്കുന്നുണ്ട്. കോഴിക്കൂട്ടിൽ അന്തിയുറങ്ങേണ്ട ഗതികേടിൽ എന്നും താറാവുകൾ പരാതി പറയും. പല വയസ്സിലുള്ള കോഴിക്കുഞ്ഞുങ്ങളെ അവരെക്കാൾ മുതിർന്ന കോഴികൾ രാവിലെ മുതൽ തന്നെ കൊത്തിയാക്രമിക്കും. അവയുടെ ദയനീയ നിലവിളി കേട്ട് കുളി മുഴുമിപ്പിക്കുന്നതിനു മുമ്പേ തന്നെ കോഴികൂട് തുറന്നിട്ടു കൊടുത്തു. കൊത്തിയും കരഞ്ഞും ഓരോരോ കോഴികൾ കൂട്ടിൽ നിന്നും പുറത്തിറങ്ങി. ചെറിയ മക്കളുള്ള തള്ളക്കോഴികൾക്ക് കൂടിനുള്ളിൽ തന്നെ ലേശം ആഡംബരമുള്ള കൂടുകളുണ്ട്. അവ പെട്ടെന്ന് പുറത്തു വരാറില്ല. ഇളം പൈതങ്ങൾക്ക് തന്റെ ശരീരത്തിലെ ഇളം ചൂട് പകർന്നു നൽകുന്ന അവർ മറന്നു പോകുന്ന കാര്യം, ഒരു അഞ്ചെട്ട് മാസങ്ങൾക്ക് മുമ്പേ അതെ ചൂടേറ്റ അവരുടെ തന്നെ കുഞ്ഞുങ്ങളാണ് ഇപ്പൊ പരസ്പരം കൊത്തിയും കരഞ്ഞും വേറെയൊരു കൂട്ടിൽ കഴിയുന്നത്. ബന്ധങ്ങളുടെ ആഴം കുറയുന്നതിനനുസരിച്ചു പരസ്പരമുള്ള പോര് കൂടുകയാണ്. പരസ്പരം താങ്ങാവേണ്ടവർ പോലും അപരന്റെ വേദനയിൽ ആനന്ദം കണ്ടത്തുന്ന വല്ലാത്ത ഒരു കെട്ട്കാഴ്ച! ഒന്നോർത്താൽ ജീവിതം തന്നെ ഒരു പോരാട്ടമാണല്ലോ. ഒരു കോഴി ജന്മം നൽകിയ അവയുടെ കുഞ്ഞുങ്ങൾ തന്നെ ഒരു പ്രായം കഴിയുമ്പോൾ പരസ്പരം പോരാടാനിറങ്ങുന്ന വിസ്മയക്കാഴച്ചയാണല്ലോ കോഴികളുടെ ജീവിതം. ആ പോരാട്ടത്തിൽ ആരും ജയിക്കുന്നുമില്ല, തോൽക്കുന്നുമില്ല. ജയവും തോൽവിയുമല്ല, ജീവിതം മുന്നോട്ട് കൊണ്ട് പോവുകയെന്നതാവയുടെ ഏക ദൗത്യം. പിന്നെയെപ്പൊഴോ ഒരു കത്തിയിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന പാവം ജന്മങ്ങൾ!

കോഴികൾ വരുന്നത് കണ്ടു ഉമ്മ തലേ ദിവസത്തെ ചോറും പിന്നെ കുറച്ചു അരികളുമായി പെട്ടെന്നെത്തി.
'ഓ, നീ കോഴികളെ വിട്ടോ?'
'ഉമ്മാ! അവർ കൂട്ടിൽ പരസ്പരം കൊത്തുകൂടിയപ്പോ കൂട് തുറന്നു വിട്ടതാണ്.

വക്കുകൾ പൊളിഞ്ഞു പോയ പഴയൊരു പാത്രത്തിൽ ഉമ്മ ചോറ് പകർന്നു. കയ്യൂക്കുള്ളവർ വേഗം തന്നെ ചോറകത്താക്കാൻ തുടങ്ങി. വെളിച്ചെണ്ണയുടെ വലിയ കന്നാസിൽ നിന്നും അരിയെടുത്തു കുറെ ദൂരേക്കും എറിഞ്ഞു കൊടുത്തു ഉമ്മ. മുഖ്യധാരയിൽ പെടാത്ത കുറെയേറെ കോഴികൾക്ക് അതൊരു ആശ്വാസമാകും. മൂന്നോ നാലോ താറാവുണ്ട്, അവർക്ക് വെള്ളത്തിലിട്ട് കൊടുക്കണം ചോറ്. അവർക്കായി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിലേക്ക് കുറെയേറെ ചോറ് ഇട്ടു അവയെ പ്രത്യേകമായി വിളിച്ചു. താറാവിനറിയാം വെള്ളത്തിൽ പൂർണമായും മുങ്ങിയ വറ്റുകൾ അവരുടെ മാത്രം അവകാശമാണ്. ഒരു പ്രത്യേകമായ ശബ്ദമുണ്ടാക്കി താറാവുകൾ ആദ്യം കോഴികൾക്ക് നൽകിയ ചോറ് തിന്നാൻ തുടങ്ങി. കോഴികളെ വിരട്ടിയോടിച്ചും ചില കോഴികളിൽ നിന്നും നല്ല കൊത്തികിട്ടിയും അവ അവിടെയും ഒരു സീൻ ഉണ്ടാക്കി. പരസ്പരം പോരടിക്കുകയെന്നത് മൃഗങ്ങളുടെയും പക്ഷികളുടെയും ജൈവികമായ സ്വഭാവമാണല്ലോ! താറാവുകൾ അടി തുടങ്ങിയപ്പോ കോഴികൾക്ക് ചോറ് കൊടുക്കുന്നത് കുറച്ചു സമയം നിർത്തി വെച്ചു . അപ്പോൾ മാത്രം ഉമ്മയോട് എന്തൊക്കെയോ പരിഭവം പറഞ്ഞു താറാവുകൾ അവർക്കായി ഒരുക്കിയ സൽക്കരപാത്രത്തിലേക്ക് നടന്നു പോയി.

'വിശപ്പാണ് ഏറ്റവും വലിയ പോരാട്ടം'
-തുടരും

Post a Comment

0 Comments