തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
അതിനിടെ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, തലസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ജില്ലയിലെ വിവിധ ഇടങ്ങളിലായി നാല് പേർക്ക് ഇടിമിന്നലേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പരശുവയ്ക്കൽ സ്വദേശിയായ വിൻസെന്റാണ്(60) മരിച്ചത്. മറ്റു മൂന്നുപേർ കൂടി മിന്നലേറ്റ് ചികിത്സയിലുണ്ട്. ആകെ നാല് പേർക്കാണ് മിന്നലേറ്റത്. കെട്ടിടനിർമാണ തൊഴിലാളിയാണ് വിൻസന്റ് കുന്നത്തുകാലിന് സമീപം പുതുതായി നിർമിക്കുന്ന വീടിന്റെ പണിയിൽ ഏർപ്പെട്ടിരിക്കെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റതും മരണം സംഭവിച്ചതും.
ഇയാൾക്കൊപ്പമുണ്ടായിരുന്ന പരശുവയ്ക്കൽ സ്വദേശിയായ അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്കും ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.
മറ്റൊരു സംഭവത്തിൽ, പൊൻമുടിയിൽ വനംവകുപ്പ് ഗാർഡിനും ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർക്കാണ് (മണിയൻ-67) മിന്നലേറ്റത്. പാർക്കിംഗ് സ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്. ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
0 Comments